കരിങ്കൽ ക്വാറിയിടിഞ്ഞ് വെള്ളം കുതിച്ചെത്തി വീടുകൾ തകർന്നു; വീട്ടമ്മക്ക് ഗുരുതര പരിക്ക്
text_fieldsകൂത്തുപറമ്പ്: വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് സൂനാമി കണക്കെ വെള്ളം കുതിച്ചെത്തി വൻ അപകടം.
വീട്ടമ്മക്ക് ഗുരുതര പരിക്കേൽക്കുകയും രണ്ട് വീടുകൾ പൂർണമായും തകരുകയും ചെയ്തു. ഏതാനും വീടുകൾക്ക് കേടുപറ്റി. മാവുള്ളകണ്ടി പറമ്പിൽ മന്ദമ്പേത്ത് ബാബുവിന്റെയും നീലാഞ്ജനത്തിൽ ടി. പ്രനീതിന്റെയും വീടുകളാണ് തകർന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ബാബുവിന്റെ ഭാര്യ ലീലയെ (45) കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു അപകടം.
ബാബുവിന്റെ വീടിന് പിറകിലെ കൂറ്റൻ കരിങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ക്വാറിയിലുണ്ടായിരുന്ന വെള്ളം 40 അടിയോളം ഉയരത്തിൽ ഉയർന്നുപൊങ്ങി സമീപത്തെ വീടുകളിൽ പതിക്കുകയായിരുന്നു. ബാബുവിന്റെ വീട് പൂർണമായും തകർന്നു. പശുവിനെ കറക്കുകയായിരുന്ന ബാബു ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്.
150 മീറ്ററോളം അകലെയുള്ള പ്രനീതിന്റെ കോൺക്രീറ്റ് വീടിനു മുകളിലാണ് കൂറ്റൻ കല്ലുകളും മറ്റും പതിച്ചത്.
കോൺക്രീറ്റ് തകർന്ന് കല്ലുകൾ അകത്തേക്ക് വീണു. ശബ്ദം കേട്ട ഉടനെ പ്രനീത് ഭാര്യയെയും മക്കളെയും കൂട്ടി വീടിനു പുറത്തേക്ക് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. പ്രനീതിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ ടാക്സിയും സ്കൂട്ടറും തകർന്നു.
വീടിന് പിറക് വശത്തെയും മുൻവശത്തെയും ഷീറ്റും തകർന്നിട്ടുണ്ട്. വൻ സ്ഫോടനം നടന്ന പ്രതീതിയാണ് പ്രദേശത്ത് ഉണ്ടായത്. തിരമാല കണക്കെ വെള്ളവും മറ്റും ആർത്തലച്ചെത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ തെങ്ങുൾപ്പെടെ നിരവധി വൃക്ഷങ്ങളും കാർഷികവിളകളും നശിച്ചിട്ടുണ്ട്. അപകട ഭീഷണിയുടെ പശ്ചാത്തലത്തിൽ 30 ഓളം കുടുംബങ്ങളെ വട്ടിപ്രം യു.പി സ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൂത്തുപറമ്പ് ഫയർഫോഴ്സും പൊലീസും റവന്യൂ, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, തഹസിൽദാർ സി.പി. മണി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഭീതിയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.