ആശുപത്രിയിൽ വീട്ടമ്മക്ക് തെരുവുനായയുടെ കടിയേറ്റു; വാക്സിനില്ലാത്തതിനാൽ ചികിത്സ വൈകി
text_fieldsവിഴിഞ്ഞം (തിരുവനന്തപുരം): സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വീട്ടമ്മക്ക് തെരുവുനായയുടെ കടിയേറ്റു. തിയറ്റർ ജംഗ്ഷനിൽ വാടകക്ക് താമസിക്കുന്ന ആമിനക്കാണ് (39) വെള്ളിയാഴ്ച വൈകീട്ട് നാലിന് തെരുവ് നായയുടെ കടിയേറ്റത്. കാലിൽ ചുടുവെള്ളം വീണ മകന് ചികിത്സതേടിയെത്തിയതായിരുന്നു ഇവർ.
മുറിവ് ഗുരുതരമായതിനാൽ വിഴിഞ്ഞം ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത ആമിനക്ക് ചികിത്സ വൈകിയതായും ഇൻജക്ഷൻ സ്റ്റോക്കില്ലെന്ന് പറഞ്ഞ് പുറത്തുനിന്നും വാങ്ങിപ്പിച്ചതായും ബന്ധുക്കൾ ആരോപിച്ചു. മുറിവിൽനിന്നും രക്തം വാർന്നിറങ്ങിയിട്ടും വാക്സിനില്ല എന്ന കാരണത്താൽ മൂന്നു മണിക്കൂറോളം ചികിത്സ ലഭ്യമായില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
മകന് ചികിത്സ തേടിയെത്തിയ ആമിന കാഷ്വാലിറ്റിക്ക് മുന്നിൽ ക്യൂ നിൽക്കുമ്പോൾ ഒരു പ്രകേപനവും ഇല്ലാതെ നായ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഇടതു കാലിലാണ് കടി കൊണ്ടത്. മുറിവിനു ചുറ്റുമുള്ള ഇൻജക്ഷൻ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇല്ലാത്തതിനാൽ ആമിനയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അവിടെ എത്തിയിട്ടും മരുന്നില്ലെന്ന പേരിൽ യഥാസമയം ചികിത്സ ലഭ്യമാക്കിയില്ല. 4500 രൂപയുടെ മരുന്ന് പുറത്തുനിന്ന് വാങ്ങി നൽകിയശേഷമാണ് ചികിത്സ ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. വിഴിഞ്ഞം ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണ്. ഇതിന് മുമ്പും രോഗികളുൾപ്പെടെ പലരെയും തെരുവ് നായ കടിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.