ടോറസ് ലോറി കയറി വീട്ടമ്മയുടെ മരണം; ഞെട്ടിത്തരിച്ച് നാട്ടുകാർ
text_fieldsപന്തളം : നഗരമധ്യത്തിൽ പട്ടാപ്പകൽ ടോറസ് ലോറി കയറിയിറങ്ങി വീട്ടമ്മ മരിച്ചത് കണ്ടുനിൽക്കേണ്ടി വന്ന ആഘാതത്തിലാണ് നാട്ടുകാർ. സ്കൂട്ടർ യാത്രക്കാരിയായ തട്ടയിൽ കീരുകുഴി കുരിക്കാട്ടിൽ ലാലി ജോയിയാണ് മരിച്ചത്. ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് വീട്ടമ്മ തൽക്ഷണം മരിച്ചതിനാൽ ആശുപത്രിയിലേക്ക് മാറ്റാനും കാലതാമസം നേരിട്ടു. പിന്നീട് പോലീസ് എത്തിയാണ് മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
അപകടത്തെ തുടർന്ന് ഇതുവഴി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട സ്ത്രീയെ ആദ്യം തിരിച്ചറിയാതെ വന്നതോടെ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ നമ്പർ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. പന്തളം- മാവേലിക്കര റോഡിൽ ടിപ്പർ ലോറികൾ അമിതവേഗത്തിലാണ് പായുന്നതെന്ന് വ്യാപക ആക്ഷേപമുണ്ട്. പുലർച്ചെയുള്ള ഓട്ടത്തിനിടെ ചെറിയ അപകടങ്ങൾ ഉണ്ടായാലും നിർത്താതെ പോകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലോഡ് എത്തിക്കുകയാണ് ലക്ഷ്യം. നാഷനൽ ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് സാധനസാമഗ്രികളുമായി അതിവേഗം പായുകയാണ് ലോറികളിൽ ഭൂരിഭാഗവും.
രാവിലെ നാലര മുതൽ ലോഡുമായി നിരത്തിലിറങ്ങുന്ന ടിപ്പറുകൾ അമിത വേഗത്തിലാണ് പോകുന്നത്. ഇതാണ് അപകടങ്ങൾക്ക് കാരണം. വളവ് തിരിയുമ്പോൾ മണ്ണ്, കല്ല്, മെറ്റൽ എന്നിവ റോഡിൽ വീഴുന്നതും പതിവാണ്. ഇതോടെ പിന്നാലെ എത്തുന്ന ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നു. വീതി കുറഞ്ഞ വളവും കുത്തിറക്കവും ഉള്ള സ്ഥലങ്ങളിലൂടെയാണ് യാതൊരു ശ്രദ്ധയുമില്ലാത്ത പാച്ചിൽ. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.