പിഴുതിട്ട മരം ദേഹത്തു വീണ് വീട്ടമ്മ മരിച്ചു; സഹോദരന് ഗുരുതര പരിക്ക്
text_fieldsതിരുവല്ല: വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പറമ്പിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്തു വീണ് വീട്ടമ്മ മരിച്ചു. കടപ്ര 15-ാം വാർഡിൽ വളഞ്ഞവട്ടം തുമ്മംതറ പുത്തൻ വീട്ടിൽ ലീലാമ്മ വർഗീസ് (56) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. സഹോദരി ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ പാസ്റ്റർ തോമസ് സാമുവലിനും (68) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ലീലാമ്മയുടെ പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അതിരിനോട് ചേർന്ന് നിന്നിരുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെയാണ് പനമരം ഇരുവരുടെയും ദേഹത്തേക്ക് വീണത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മരം പിഴുതു മാറ്റിയത്.
എതിർഭാഗത്തേക്ക് മരം പിഴുതു മാറ്റാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് മരം വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല. പാസ്റ്റർ തോമസ് സാമുവലിന് നട്ടെല്ലിനാണ് ഗുരുതര പരിക്ക്. വീട് നിർമ്മാണം നടക്കുന്നതിനാൽ ലീലാമ്മ ഇരവിപേരൂരിലുള്ള മേരിക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. മരങ്ങൾ മുറിച്ച് മാറ്റുന്നത് കാണാനായാണ് ബുധനാഴ്ച ഉച്ചയോടെ ലീലാമ്മ ഇവിടെ എത്തിയത്. ഭർത്താവ് പരേതനായ ടി.എം. വർഗീസ് കാൻസർ രോഗബാധയെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസമാണ് അന്തരിച്ചത്. മകൻ: ൈഫ്ലബി വർഗീസ് (യു.കെ). മരുമകൾ: സ്‌നേഹ. പുളിക്കീഴ് പൊലീസ് മേൽ നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.