മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കുട നിവർത്തിയ മാതാവ് റോഡിൽ വീണ് മരിച്ചു
text_fieldsകൊട്ടാരക്കര: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കുട നിവർത്തിയ മാതാവ് റോഡിൽവീണ് മരിച്ചു. പുത്തൂർ ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണു ഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ ഗീതാകുമാരിയമ്മ (52) ആണ് മരിച്ചത്.
രാവിലെ എട്ടരയോടെ ചീരങ്കാവ് റോഡിൽ ഈരാടൻ മുക്കിന് സമീപമായിരുന്നു അപകടം. കശുവണ്ടി തൊഴിലാളിയായ ഗീതാകുമാരിയമ്മ മകനോടൊപ്പം പരുത്തും പാറയിലുള്ള കശുവണ്ടി ഫാക്ടറിയിലേക്ക് പോകുമ്പോൾ മഴ പെയ്യുകയും കുട നിവർത്തുകയുമായിരുന്നു. ഈ സമയം എതിരെ വാൻ കടന്നു പോയപ്പോൾ ഉണ്ടായ കാറ്റിൽ കുട പുറകോട്ട് ചായുകയും ഗീതാകുമാരിയമ്മ തലയിടിച്ച് റോഡിൽ വീഴുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകാൻ മകൻ വിഷ്ണു നിരവധി വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആദ്യം ആരും നിർത്തിയില്ല. പിന്നീട് ഇതുവഴി വന്ന കാറിൽ എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിൽ ഗീതാകുമാരിയമ്മയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എഴുകോൺ പൊലീസ് കേസെടുത്തു.
മരുമകൾ: ആര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.