ഹൗസിങ് ബോർഡ് ഫ്ലാറ്റ് സമുച്ചയം അപകടത്തിൽ; നടപടി വേണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: കവടിയാർ ഹൈറ്റ്സ് അപ്പാർട്ട്മെന്റ് കോംപ്ലക്സിനോട് ചേർന്ന് 40 വർഷം പഴക്കമുള്ള കരിങ്കൽ നിർമിത മതിൽ അപകടാവസ്ഥയിലായതു കാരണം 18 ഓളം കുടുംബങ്ങൾക്ക് ജീവന് ഭീഷണിയുണ്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു. ഭവന നിർമ്മാണ ബോർഡ് സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പട്ടു.
ഹൗസിങ് ബോർഡ് നിർമിച്ച മതിലാണ് അപകടാവസ്ഥയിലുള്ളത്. ഫ്ലാറ്റ് സമുച്ചയത്തിലെ മണ്ണൊലിപ്പ് തടയാനും ഭൂമി ബലപ്പെടുത്താനും വേണ്ടിയാണ് മതിൽ 40 അടി ഉയരത്തിൽ നിർമിച്ചത്. മതിൽ നിലംപൊത്തിയാൽ മതിലിനോട് ചേർന്ന് നിൽക്കുന്ന കവടിയാർ ഹൈറ്റ്സ് അപ്പാർട്ട്മെന്റിലെ സി.ഡി ബ്ലോക്കിലെ 18 ഓളം ഫ്ലാറ്റുകൾ നിലം പതിക്കും. പഴയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഫ്ലാറ്റ് അസോസിയേഷന് കൈമാറിയിട്ടില്ല.
തുടർന്ന് താമസക്കാർ ഹൗസിങ് ബോർഡിനെ സമീപിച്ചെങ്കിലും മതിൽ പൊളിച്ചു നിർമിക്കാൻ തയാറല്ലെന്ന് ബോർഡ് അറിയിച്ചു. ഇക്കാര്യം പരിശോധിക്കാനെത്തിയ എഞ്ചിനീയർമാർ മതിലിന്റെ അപകടാവസ്ഥ ബോർഡിനെ ബോധ്യപ്പെടുത്തിയിട്ടും ബോർഡ് നടപടിയെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതൽ അപകടകരമാകുമെന്ന് അപ്പാർട്ട്മെന്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ആർ.എസ്.രാധിക സമർപ്പിച്ച പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.