ഹൗസിങ് ബോർഡ്: കണ്ണടച്ച് സർക്കാർ; പെരുവഴിയിൽ ജീവനക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാന ഹൗസിങ് ബോർഡിന്റെ ആസ്തികൾ മുഴുവൻ ഏറ്റെടുത്തുള്ള സുതാര്യ നടപടികൾ സ്വീകരിക്കാതെ ജീവനക്കാരെയും പെൻഷൻകാരെയും പെരുവഴിയിലാക്കി സംസ്ഥാന സർക്കാർ. ഭവനപദ്ധതികളെല്ലാം തദ്ദേശ സ്ഥാപനങ്ങൾ വഴിയായ സാഹചര്യത്തിൽ ഹൗസിങ് ബോർഡിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് സർക്കാർ വിലയിരുത്തുമ്പോഴും ജീവനക്കാരെ പുനർവിന്യസിക്കാനോ പെൻഷൻകാരെ സംരക്ഷിക്കാനോ സർക്കാർ തയാറാവുന്നില്ല.
മാത്രമല്ല, ഹൗസിങ് ബോർഡിന്റെ സ്ഥലങ്ങൾ ഓരോന്നായി സർക്കാർ യാതൊരു പ്രതിഫലവും നൽകാതെ ഏറ്റെടുക്കുകയും മറ്റു വകുപ്പുകൾക്കും സംരംഭങ്ങൾക്കും കൈമാറുകയുമാണ്.
ആലപ്പുഴയിൽ 4.5 ഏക്കറാണ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. ഈയിനത്തിൽ തുകയൊന്നും ഹൗസിങ് ബോർഡിന് ലഭിച്ചിട്ടില്ല. വായ്പപദ്ധതികളോ നിർമാണ പദ്ധതികളോ ഇല്ലെന്ന് മാത്രമല്ല, സർക്കാറിന്റെ ഭവന നയത്തിൽ ഹൗസിങ് ബോർഡിന്റെ നിഴൽ പോലുമില്ല. 1972 ലാണ് ഹൗസിങ് ബോർഡ് രൂപവത്കൃതമാവുന്നത്. വീടുകൾ നിർമിച്ച് നൽകുകയെന്നതായിരുന്നു ദൗത്യമെങ്കിലും ഭവനപദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വഴിമാറിയതോടെയാണ് ഹൗസിങ് ബോർഡിന്റെ കഷ്ടകാലം തുടങ്ങിയത്.
ലക്ഷം വീട് പദ്ധതി, 1993-98 കാലത്തെ രാജീവ് വൺ മില്യൺ, 1998-99 കാലത്തെ മൈത്രി പദ്ധതിയടക്കം 50 വർഷത്തിനിടെ വായ്പ സഹായത്തിലൂടെയടക്കം ഏഴ് ലക്ഷം വീടുകളാണ് ഹൗസിങ് ബോർഡ് നിർമിച്ചത്. ഇതിൽ പല വായ്പകളും എഴുതിത്തള്ളുകയും തുക സർക്കാർ നൽകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും നടപ്പായില്ല. ഈയിനത്തിൽ മാത്രം 243 കോടി രൂപ ഹൗസിങ് ബോർഡിന് ലഭിക്കാനുണ്ട്.
സംസ്ഥാനത്താകെ 194 ജീവനക്കാരും 200 ഓളം പെൻഷൻകാരുമാണ് ഹൗസിങ് ബോർഡിന് കീഴിലുള്ളത്. ഇതിൽ പെൻഷനായവർക്ക് ഏഴുവർഷമായി പെൻഷൻ ആനുകൂല്യം നൽകിയിട്ടില്ല. ശമ്പളത്തിൽനിന്ന് പി.എഫ് ഇനത്തിൽ പിടിച്ച തുകപോലും വിരമിച്ചവർക്ക് നൽകുന്നില്ല. ശമ്പളമാകട്ടെ രണ്ടു ഘട്ടമായാണ് വിതരണം ചെയ്യുന്നതും. കെട്ടിടവും ഭൂമിയും അടക്കം 8000 കോടിയുടെ ആസ്തിയുള്ള സ്ഥാപനത്തിനാണ് ഈ ഗതികേട്.
പ്രതിമാസം വാടക ഇനത്തിലടക്കം ഒരു കോടി രൂപയാണ് ബോർഡിന്റെ വരുമാനം. ചെലവ് നാല് കോടിയും. പെൻഷൻ ആനുകൂല്യ ഇനത്തിൽ 70 കോടിയാണ് വിതരണം ചെയ്യാനുള്ളത്. ആസ്തികൾ ഏറ്റെടുത്ത് ജീവനക്കാരെ സംരക്ഷിക്കാൻ തയാറാകാത്തതിനെതിരെ യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ അനിശ്ചിതകാല പ്രക്ഷോഭത്തിലാണ് ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.