കരടിയെ മയക്കുവെടിവെച്ചത് എങ്ങനെ കുറ്റകൃത്യമാകുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: തിരുവനന്തപുരത്ത് വെള്ളനാട്ട് കിണറ്റിൽ വീണ കരടിയെ കൊല്ലാൻ ഉദ്ദേശ്യമില്ലാതെ മയക്കുവെടിവെച്ചത് എങ്ങനെ കുറ്റകൃത്യമായി കാണാനാകുമെന്ന് ഹൈകോടതി. രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ എങ്ങനെ ക്രിമിനൽ കേസെടുക്കാനാകുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ ആരാഞ്ഞു.
കരടിയെ കൊല്ലാൻ ഉദ്യോഗസ്ഥരാരും നിർദേശം നൽകിയിട്ടില്ല. അത്തരമൊരു ഉദ്ദേശ്യം ഉണ്ടായിട്ടുമില്ല. മയക്കുവെടിവെച്ച് കരടിയെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിച്ചതിനെ വേട്ടയെന്ന് എങ്ങനെയാണ് പറയാനാകുകയെന്നും കോടതി ചോദിച്ചു.
ഏപ്രിൽ 20ന് പുലർച്ചയാണ് തിരുവനന്തപുരം വെള്ളനാട് സ്വദേശി അരവിന്ദന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്. തുടർന്ന് ഇതിനെ രക്ഷിക്കുന്നതിനായി മയക്കുവെടിവെച്ചെങ്കിലും കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിച്ചത്തു.
ഈ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് കുറ്റകരമായ വീഴ്ചയുണ്ടെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് തൃശൂരിലെ വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്‌വോക്കസി എന്ന സംഘടനയാണ് ഹൈകോടതിയെ സമീപിച്ചത്.
ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിൽ നടപടി സ്വീകരിക്കുന്നതിനപ്പുറം മറ്റു നടപടികൾക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് ഹരജിയിൽ സർക്കാറിനും മറ്റ് എതിർ കക്ഷികൾക്കും നോട്ടീസ് നൽകാനും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.