അന്വേഷണം നടത്താതെ വെളിപ്പെടുത്തൽ തെറ്റെന്ന് പറയുന്നതെങ്ങനെ? ദിലീപിന്റെ ഹരജിയിൽ ഹൈകോടതി
text_fieldsകൊച്ചി: നടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയ കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ തെറ്റാണെന്ന് അന്വേഷണം നടത്താതെ എങ്ങനെ പറയാനാകുമെന്ന് ഹൈകോടതി. നിർണായക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയെന്നത് ഉദ്യോഗസ്ഥന്റെ പ്രത്യേക അധികാരമാണ്.
ഇതിൽ ഇടപെടാനാകില്ല. വെളിപ്പെടുത്തൽ വൈകിയിട്ടുണ്ടെങ്കിൽ അതിനിടയായതെന്തെന്നുള്ളതും അന്വേഷണത്തിൽ ഉൾപ്പെടും. വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണത്തിന് തിടുക്കംകാട്ടിയെന്ന് ആരോപണമുണ്ടെങ്കിലും ഇതിന്റെ പേരിൽ അത് ആവശ്യമില്ലെന്ന് പറയാനാകില്ല. വെളിപ്പെടുത്തൽ ശരിയല്ലെന്ന് കണ്ടെത്തിയാൽ പ്രശ്നം തീരുമല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.
യുവനടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജിയിലെ വാദത്തിനിടെയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഇക്കാര്യങ്ങൾ വാക്കാൽ ആരാഞ്ഞത്. അതേസമയം, ദിലീപിന്റെ വാദത്തെ എതിർത്ത്, കേസിൽ കക്ഷിചേരാൻ ആക്രമണത്തിനിരയായ നടി നൽകിയ ഹരജി കോടതി അനുവദിച്ചു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചെന്നും ഒന്നാംപ്രതി പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമുള്ള ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് തുടരന്വേഷണത്തിന് കാരണമെന്നാണ് ദിലീപിന്റെ ആരോപണം.
വിചാരണ തടസ്സപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥരരെയക്കം പങ്കാളിയാക്കി തയാറാക്കിയ കള്ളക്കഥയാണിത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ താൻ വീട്ടിലിരുന്ന് കണ്ടെന്ന് പറയുന്നത്, അത് തന്റെ കൈവശമുണ്ടെന്ന് വരുത്തിത്തീർക്കാനാണ്. കേസിൽ തുടരന്വേഷണമല്ല, പുനരന്വേഷണമാണ് നടക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം, വിചാരണ കോടതിയുടെ അനുമതിയോടെ നടക്കുന്ന തുടരന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിയായ ദിലീപിന് ഹൈകോടതിയെ സമീപിക്കാനാകില്ലെന്നാണ് നടിയുടെ ഹരജിയിൽ പറയുന്നത്.
ദിലീപിന്റെ സഹോദരീ ഭർത്താവിനെ ചോദ്യംചെയ്തു
വധഗൂഢാലോചന കേസില്‍ നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ. സുരാജിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. കളമശ്ശേരി ഓഫിസിൽ രാവിലെ പത്തരയോടെയാണ് സുരാജ് എത്തിയത്. ദിലീപിന്റെ സഹോദരൻ അനൂപ് ചൊവ്വാഴ്ച ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യലാണിത്.
ഇവരെ ചോദ്യംചെയ്ത ശേഷം ദിലീപിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് അറിയുന്നു. മൂന്നു പേരുടെയും മൊബൈലുകളുടെ ശാസ്ത്രീയ പരിശോധനഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. ഇത് ക്രൈംബ്രാഞ്ച് പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടോ എന്നാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് ഫൊറന്‍സിക് പരിശോധനക്കയച്ച ആറ് ഫോണുകളുടെയും റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് കോടതിയില്‍ ലഭിച്ചത്.
ദിലീപിന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ച് നോട്ടീസ്
യുവനടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് നടൻ ദിലീപിന്റെ അഭിഭാഷകന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. സാക്ഷിയായ ജിൻസൺ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പീച്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് കോട്ടയം യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. അമ്മിണിക്കുട്ടൻ മുതിർന്ന അഭിഭാഷകനായ ബി. രാമൻപിള്ളക്ക് നോട്ടീസ് നൽകിയത്. ഫെബ്രുവരി 16ന് രാമൻപിള്ളയുടെ ഓഫിസിലോ വീട്ടിലോ എത്തി മൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാൽ, തെറ്റായി രജിസ്റ്റർ ചെയ്ത കേസിൽ തന്റെ മൊഴി രേഖപ്പെടുത്താനുള്ള ആവശ്യം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ് 18ന് അദ്ദേഹം മറുപടി നൽകി.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലും സാക്ഷിയെ മൊഴി മാറ്റാൻ ശ്രമിച്ചുവെന്ന കേസിലും പ്രതിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകനായ തന്നെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസിൽ സാക്ഷിയായി ഉൾപ്പെടുത്താനാകില്ലെന്ന് മറുപടിയിൽ വ്യക്തമാക്കി. പ്രതിക്കായി ഹാജരാകുന്ന അഭിഭാഷകന്റെ മൊഴിയെടുക്കാനുള്ള ശ്രമം ഇന്ത്യൻ തെളിവ് നിയമത്തിന്റെ ലംഘനമാണ്.
ക്രൈംബ്രാഞ്ചിനെതിരെ ഗൗരവമുള്ള ആരോപണം ഉന്നയിച്ച് ദിലീപ് ഹൈകോടതിയിൽ ഹരജി നൽകിയതായും മറുപടിയിൽ പറയുന്നു. അഭിഭാഷകന്റെ മൊഴിയെടുക്കണമെന്ന ആവശ്യം അഡ്വക്കറ്റ് ആക്ട് പ്രകാരവും അനുവദനീയമല്ല. എങ്കിലും മൊഴിയെടുക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ സമയം നിശ്ചയിച്ച് എത്തിയാൽ തയാറാണെന്നും മറുപടിയിൽ വ്യക്തമാക്കി. രാമൻപിള്ളക്ക് നോട്ടീസ് നൽകിയതിനെതിരെ ചൊവ്വാഴ്ച പ്രതിഷേധം സംഘടിപ്പിക്കാൻ ഹൈകോടതി അഭിഭാഷക അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.