‘സവർക്കർ രാജ്യത്തിനായി ത്യാഗം ചെയ്തയാൾ, എന്നാണ് ശത്രുവായത്?’; എസ്.എഫ്.ഐ ബാനറിനെതിരെ ഗവർണർ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ മുമ്പ് സ്ഥാപിച്ച ബാനറിനെ വിമർശിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ രംഗത്ത്. ‘ചാൻസലറെയാണ് വേണ്ടത്, സവർക്കറെയല്ല’ എന്ന ബാനറാണ് ഗവർണറെ ചൊടിപ്പിച്ചത്. സർവർക്കർ എന്നാണ് രാജ്യത്തിന്‍റെ ശത്രുവായി മാറിയതെന്ന് ചോദിച്ച ഗവർണർ രാജ്യത്തിനായി ത്യാഗം ചെയ്തയാളാണ് സർവർക്കറെന്നും പറഞ്ഞു. കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ.
“പുറത്ത് സ്ഥാപിച്ച ഒരു ബാനർ ഞാനിപ്പോൾ വായിച്ചു. ഞങ്ങൾക്ക് വേണ്ടത് ചാൻസലറാണ്, സവർക്കറല്ല എന്ന് അതിൽ എഴുതിയിരിക്കുന്നു. സവർക്കർ ഈ രാജ്യത്തിന്‍റെ ശത്രുവായിരുന്നോ? ചാൻസലർ ഇവിടെയുണ്ട്. ചാൻസലറോട് നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്യൂ. എന്നാൽ സവർക്കർ എന്ത് മോശം കാര്യമാണ് ചെയ്തത്? സ്വന്തം കുടുംബത്തെ പോലും മറന്ന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് അദ്ദേഹം. ഞാൻ സവർക്കറെ കുറിച്ച് സംസാരിക്കണമെന്ന് കരുതിയതല്ല, പക്ഷേ ബാനർ എന്നെ അതിനു നിർബന്ധിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ല” -ഗവർണർ പറഞ്ഞു.
സവർക്കർ ചെയ്ത കാര്യങ്ങൾ ശരിയായി പഠിക്കാതെയാണ് ഇത്തരം പ്രതിഷേധങ്ങൾ നടക്കുന്നതെന്നും സമൂഹത്തിനു വേണ്ടി വലിയ ത്യാഗം ചെയ്തയാളാണ് സവർക്കറെന്നും ഗവർണർ പറഞ്ഞു. വിദ്യാർഥികൾക്ക് ശരിയായ അറിവോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ല. വൈസ് ചാൻസലർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. അതേസമയം സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ചാൻസലർ നേരിട്ടെത്തി സെനറ്റ് യോഗത്തിൽ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സർവകലാശാല സന്ദർശന വേളയിലാണ് എസ്.എഫ്.ഐ വലിയ തോതിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. കലാലയം കാവിവത്കരിക്കാനുള്ള ശ്രമമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച എസ്.എഫ്.ഐ, ‘ചാൻസലർ ഗോ ബാക്ക്’ വിളികളുമായി ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്നാലെ എസ്.എഫ്.ഐ ഗുണ്ടാസംഘമാണെന്നുൾപ്പെടെ വ്യാപക വിമർശനവുമായി ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തി. തനിക്ക് നേരെയുള്ള പ്രതിഷേധങ്ങൾക്കു പിന്നിൽ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.