അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ കുടിലിന് അവകാശികളേറെ!!
text_fieldsഅതിരപ്പിള്ളി (തൃശൂർ): കഴിഞ്ഞയാഴ്ച ചാലക്കുടി പുഴയിലെ ശക്തമായ ജലപ്രവാഹത്തിൽ പിടിച്ചുനിന്നതോടെ കുടിലിന് അവകാശികളേറെ. പത്രങ്ങളിലും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും കുടിലിെൻറ ഉറപ്പ് സജീവ ചർച്ചാവിഷയമായപ്പോൾ അതിന് ശക്തമായ അടിത്തറയുണ്ടാക്കിയ തൃശൂരിലെ ഷംസുദ്ദീൻ തച്ചറായി രംഗത്തുവന്നിരുന്നു. എന്നാൽ, അതിരപ്പിള്ളിയിലെ വനസംരക്ഷണ സമിതിക്കാരടക്കം തങ്ങളുടെ മികവാണെന്ന അവകാശവാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനും ഭാര്യക്കും താമസിക്കാൻ കുഞ്ഞോൻ എന്ന തച്ചൻ നിർമിച്ചതെന്ന തെളിവുകളില്ലാത്ത ഒരു കഥയും പ്രചരിക്കുന്നുണ്ട്. എന്നാൽ, പാറപ്പുറത്ത് ഉയർന്ന സ്ഥലത്ത് സ്ഥാപിക്കപ്പെട്ടതിനാലാണ് കുടിലിനെ ഒഴുക്ക് പിടിക്കാത്തതെന്ന ശാസ്ത്രവാദികളുടെ അഭിപ്രായം വേറെയുണ്ട്.
വിനോദസഞ്ചാരം പച്ചപിടിച്ചശേഷം മാത്രമാണ് കുടിൽ സ്ഥാപിക്കപ്പെട്ടത്. യഥാർഥത്തിൽ ഇത് പലപ്പോഴും വെള്ളത്തിൽ ഒഴുകിപ്പോയിട്ടുണ്ട്. അപ്പോഴെല്ലാം പുനർനിർമിക്കുകയായിരുന്നു.
1991ൽ കമൽ ഹാസെൻറ 'മരുതനായകം' ചലച്ചിത്രത്തിെൻറ ചിത്രീകരണം വെള്ളച്ചാട്ടത്തിന് മുകളിൽ നടക്കുമ്പോഴാണ് ഷംസുദ്ദീനെ ആർട്ട് ഡയറക്ടർ സാബു സിറിൾ അടക്കമുള്ളവർ ചെന്നുകണ്ടത്. വെള്ളച്ചാട്ടത്തിെൻറ താഴെനിന്ന് കമൽ ഹാസനെ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ വേണ്ടിയാണ് അവർ വന്നത്. ഷംസുദ്ദീൻ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
കോഴിക്കോട് ഖലാസി പാരമ്പര്യമുള്ള കുടുംബത്തിലെ വ്യക്തിയാണ് ഷംസുദ്ദീൻ. ദൗത്യത്തിന് തടസ്സമായിരുന്ന ചെറിയ കുടിൽ പൊളിച്ചുമാറ്റുകയും അതിനുശേഷം പാറയിൽ തുളകൾ ഉണ്ടാക്കി ഷംസുവും കൂട്ടരും മറ്റൊരു കുടിൽ പണിതു കൊടുക്കുകയും ചെയ്തു. കൃത്യമായ അകലത്തിൽ ആഴത്തിൽ ഉണ്ടാക്കിയ കുഴിയിൽ കാലുകൾ സ്ഥാപിച്ച് പുനർനിർമിക്കുകയാണ് ചെയ്തത്. ആ അടിത്തറയിലാണ് അത് ഇന്നും പുനർനിർമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷംസു അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.