‘അന്നത്തെ ആഘോഷങ്ങൾ മൂപ്പെത്താതെ...’; കേരളത്തിെൻറ കോവിഡ് വ്യാപനം വിശദീകരിച്ച് ബി.ബി.സി
text_fieldsന്യൂഡൽഹി: ലോകരാജ്യങ്ങളിൽ കോവിഡ് പ്രതിരോധത്തിലെ മികച്ച മാതൃക എന്ന കേരള മോഡൽ വാഴ്ത്തിപ്പാടൽ മൂപ്പെത്താതെയായിരുന്നുവെന്ന് അന്തർ ദേശീയ മാധ്യമമായ ബി.ബി.സി. ഒരു ഘട്ടത്തിൽ കേരളത്തിലെ കോവിഡ് വ്യാപനനിരക്ക് വൻതോതിൽ കുറച്ചുകൊണ്ടുവരികയും എണ്ണത്തിൽ ആദ്യം നിന്നിരുന്ന കേരളം പിന്നീട് മറ്റു സംസ്ഥാനങ്ങളെ പിന്തള്ളി ഗ്രാഫ് കുത്തനെ കുറക്കുകയും ചെയ്തിരുന്നു. ഇതോടെ കോവിഡിനെ പിടിച്ചുകെട്ടിയെന്ന ആത്മവിശ്വാസവും കേരള ജനതക്ക് കൈവന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി കാര്യങ്ങൾ കൈവിട്ടു. വൻതോതിൽ പ്രവാസികളുടെ ഒഴുക്കും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികളുടെ തിരിച്ചുവരവുമുണ്ടായ ഘട്ടത്തിൽ കനത്ത ജാഗ്രത പുലർത്തേണ്ടിയിരുന്നു. എന്നാൽ ആ ഘട്ടത്തിൽ ലോക്ഡൗണിൽ ഏർപ്പെടുത്തിയ ഇളവും നിയന്ത്രണങ്ങളുടെ അയവും കേരളത്തിൻെറ സ്ഥിതി പരിതാപമാക്കിയെന്നും ബി.ബി.സി പറയുന്നു.
ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനം കേരളമായിരുന്നു. ജനുവരിയിൽ ചൈനയിലെ വുഹാനിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥിനിക്കായിരുന്നു രോഗം കണ്ടെത്തിയത്. വിമാനത്താവളത്തിലടക്കം കർശന പരിശോധനയും സ്ക്രീനിങ്ങും നടത്തുകയും കർശന ക്വാറൻറീൻ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തതോടെ രോഗംനേരത്തേ കണ്ടെത്താൻ കഴിയുകയും വ്യാപനമില്ലാതാക്കാൻ സാധിക്കുകയും ചെയ്തു. പിന്നീട് വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ കർശന പരിശോധനക്ക് വിധേയമാക്കിക്കൊണ്ടിരുന്നു. കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലെത്താൻ 110 ദിവസം വേണ്ടിവന്നു. സമ്പർക്കവ്യാപനം ഉണ്ടാകാതിരിക്കാൻ കർശന മുൻകരുതലുകൾ സ്വീകരിച്ചതിൻെറ ഫലമായിരുന്നു അത്.
എന്നാൽ, കഴിഞ്ഞ ഒരാഴ്ചയായി കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തത് കേരള ജനതയെ ഭയപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ജൂലൈ പകുതിയിൽ 800ഓളം പേർക്ക് ഒറ്റദിവസം കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗവും സമ്പർക്കം മൂലവും. ജൂലൈ 20വരെ 12000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 43 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. 1,70,000പേർ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലും കഴിയുന്നു.
രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം നടന്നുവെന്ന് സർക്കാർ അംഗീകരിച്ചത് തിരുവനന്തപുരത്തെ പൂന്തുറയും പുല്ലുവിളയുമായി മാറി. അറബിക്കടലിനോട് ചേർന്നുകിടക്കുന്ന പൂന്തുറയിൽ മത്സ്യത്തൊഴിലാളികളാണ് ഭൂരിഭാഗംപേരും. 4000ത്തോളം കുടുംബങ്ങൾ ഇവിടെ കഴിയുന്നു. സാമൂഹിക വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ ട്രിപ്പിൾ ലോക്ഡൗണും ഏർപ്പെടുത്തി. ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. അവശ്യ സർവിസുകൾ ഒഴികെ മറ്റൊന്നും രണ്ടാഴ്ചയായി ഇവിടെ പ്രവർത്തിക്കുന്നില്ല. സമീപത്തെ മത്സ്യമാർക്കറ്റിൽനിന്നാണ് 100ഓളം പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ രണ്ടാംവാരം സമ്പർക്കവ്യാപനം കുത്തനെ ഉയരുകയും 200ൽ അധികംപേർക്ക് തിരുവനന്തപുരം ജില്ലയിൽ ഒറ്റദിവസം കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യവുമുണ്ടായി.
‘ജനങ്ങൾ ആശങ്കയിലാണ്. മിക്കവരും നിരീക്ഷണത്തിലാണ്. എന്താണ് അവരിൽ ഇത്ര പെട്ടന്ന് പ്രഹരമേൽപ്പിച്ചതെന്ന് അവർക്ക് ഇതുവരെ മനസിലായിട്ടില്ല’ പ്രദേശത്തെ പള്ളിവികാരി ഫാദർ ബെബിൻസൺ പറയുന്നു. കേരളത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ കുതിപ്പ് തുടരാൻ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രവാസികളും മറ്റു സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന മലയാളികളുമായി അഞ്ചുലക്ഷത്തോളം പേരാണ് കേരളത്തിലേക്ക് മടങ്ങിെയത്തിയത്. മിക്കവരും തൊഴിൽ നഷ്ടവും ബിസിനസ് അടച്ചുപൂട്ടിയുമാണ് നാട്ടിലേക്ക് മടങ്ങിയത്. കേരളത്തിലെ ജനസംഖ്യയിൽ 17 ശതമാനവും മറ്റു സംസ്ഥാനങ്ങളിലും വിദേശങ്ങളിലും തൊഴിലെടുക്കുന്നവരാണ്. മടങ്ങിയെത്തിയവരിൽ ഇതുവരെ 7000 ത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
‘ലോക്ഡൗൺ ഇളവുകൾ എടുത്തുകളഞ്ഞതോടെ വൻതോതിൽ മലയാളികൾ കേരളത്തിലേക്ക് മടങ്ങി. ഇതോടെ രോഗവ്യാപനം തടയുന്നത് അസാധ്യമായ’തായി തിരുവനന്തപുരം എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ പറയുന്നു. ഒരു ഘട്ടത്തിൽ രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ വിദേശത്തുനിന്നെത്തുന്ന വൈറസ് ബാധിതർ സഹയാത്രികർക്കും രോഗം പകർന്നുനൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക അറിയിച്ചതായി ശശി തരൂർ കൂട്ടിച്ചേർത്തു. ‘എന്നാൽ ഇത് ഒഴിവാക്കാനാകില്ല. സ്വന്തം രാജ്യത്തേക്ക് മടങ്ങിവരാൻ രോഗമുണ്ടെങ്കിൽപോലും എല്ലാവർക്കും ഭരണഘടനപരമായ അവകാശമുണ്ട്. എന്നാൽ ഇത് വലിയ മാറ്റമുണ്ടാക്കി’ -ശശി തരൂർ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 821 പേരിൽ 640ഉം സമ്പർക്കം വഴിയായിരുന്നു. ഇതിൽ 43 കേസുകളുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ആശങ്ക വർധിപ്പിക്കുന്നതായും ബി.ബി.സി റിപ്പോർട്ട് ചെയ്തു. ലോക്ഡൗൺ ഇളവുകൾ ജനം ആഘോഷമാക്കുകയായിരുന്നു. ചെറിയ കാര്യങ്ങൾക്ക്പോലും മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ തുടങ്ങി. ലോക്ഡൗൺ ലംഘിച്ചതിൻെറ പേരിൽ കേസുകൾ കൂടി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പരിശോധനകളുടെ എണ്ണം താരതമ്യേന വളരെ കുറവാണെന്ന ആരോപണം ഉയരുന്നതായും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് പരിശോധന നടത്തുന്നതെന്നാണ് കണക്കുകൾ. പരിശോധനകളുടെ എണ്ണം അപര്യാപ്തമാണെന്നും ഇനിയും എണ്ണം ഉയർത്തണമെന്നും എറണാകുളം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം മേധാവി ഡോ. എ. ഫത്താഹുദ്ദീൻ പറയുന്നു.
ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ച സേവനമാണ് നടത്തുന്നതെന്നാണ് എല്ലാ വിദഗ്ധരും വിശ്വസിക്കുന്നത്. പോസിറ്റീവാകുന്നവരുടെ എണ്ണം നോക്കുേമ്പാൾ ഇവിടത്തെ മരണനിരക്ക് കുറവാണ്. ആശുപത്രികളിൽ അടിയന്തര സാഹചര്യമോ തള്ളിക്കയറ്റമോ നിലവിലില്ല. പൊതുജനാരോഗ്യ സംവിധാനംശക്തമായതും കേരളത്തിലാണ്. കോവിഡിൻെറ ഗ്രാഫ് കുറക്കുക എന്നത് ദീർഘനാൾ ആവശ്യമായ പരിശ്രമം വേണ്ട ജോലിയാണെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.