രാഷ്ട്രീയ പാർട്ടികളുടെ എത്ര ബോർഡുകൾ നീക്കി, ഈടാക്കിയ പിഴ, എത്ര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു?; സർക്കാറിനോട് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച എത്ര അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തെന്ന് ഹൈകോടതി. പാർട്ടികൾ സ്ഥാപിച്ച അനധികൃത ബോർഡുകളിൽ നീക്കിയവ എത്ര, ഈടാക്കിയ പിഴ, എത്ര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു തുടങ്ങിയ കാര്യങ്ങൾ ഒരാഴ്ചക്കകം ഹാജരാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിട്ടു.
ഓൺലൈനായി ഹാജരായിരുന്ന തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിനാണ് കോടതി നേരിട്ട് നിർദേശം നൽകിയത്. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത ബുധനാഴ്ച പ്രിൻസിപ്പൽ സെക്രട്ടറി ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടു.
സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്ന ബോർഡുകൾ നീക്കണമെന്ന് പലതവണ ഉത്തരവിട്ടിട്ടും നടപടിയുണ്ടാകാത്തത് സർക്കാറിന്റെ നിഷ്ക്രിയത്വമാണെന്ന് കോടതി വിമർശിച്ചു. രാഷ്ട്രീയ പാർട്ടികളെ പേടിച്ചിട്ട് ഉദ്യോഗസ്ഥർക്ക് ഒന്നും ചെയ്യാനാവുന്നില്ല. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാവുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയോട് കോടതി ആരായുകയും ചെയ്തു.
അനധികൃത ബോർഡ് ഒന്നിന് 5000 രൂപയാണ് പിഴ. ബോർഡുകൾ നിരത്തിൽ തുടർന്നാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽനിന്ന് തുക ഈടാക്കും. ബോർഡിന്റെ വലിപ്പത്തിനനുസരിച്ച് പിഴ കൂട്ടണം. ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ജീവനക്കാർ ഭയപ്പെടേണ്ട. ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ കോടതി സംരക്ഷണം നൽകും.
നേതാക്കളുടെ മുഖമുള്ള ഫ്ലക്സുകൾ നീക്കിയാൽ ഈ പ്രവണതക്ക് മാറ്റമുണ്ടാകും. തിരുവനന്തപുരത്തടക്കം സർക്കാർ സ്ഥാപിച്ച അനധികൃത ബോർഡുകളും ബാനറുകളും നീക്കി മാതൃക കാട്ടാൻ ധൈര്യമുണ്ടോ. തങ്ങൾക്ക് ബോർഡ് വേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കൂ. അധികാരം വിനിയോഗിക്കാനറിയാമെന്ന് ജനങ്ങളെ കാണിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. അതോടെ 99 ശതമാനം അനധികൃത ബോർഡുകളും ഇല്ലാതാകും.
സർക്കുലറുകൾ ഇറക്കിയതുകൊണ്ട് മാത്രം കാര്യമില്ല. രണ്ടുവർഷത്തിനിടെ 1.75 ലക്ഷം ബോർഡുകൾ നീക്കിയിട്ടുണ്ടെന്നും 98 ലക്ഷം രൂപ പിഴ കണക്കാക്കിയെന്നും പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. വിശദീകരണമല്ല നടപടിയാണ് ആവശ്യമെന്ന് കോടതി ഓർമിപ്പിച്ചു.
അനധികൃത ബോർഡുകൾ സ്ഥാപിക്കാൻ എല്ലാവർക്കും നല്ല ധൈര്യമാണ്. നീക്കം ചെയ്യേണ്ട അധികൃതർക്ക് അതിന് ധൈര്യമില്ല. ഇക്കാര്യത്തിൽ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.