എത്ര ജീവൻ പൊലിയണം, റെയിൽവേ മേൽപാലം പണിയാൻ?
text_fieldsകൊയിലാണ്ടി: റെയിൽവേയുടെ നിരുത്തരവാദിത്തംമൂലം പൊലിയുന്നത് മനുഷ്യജീവനുകൾ. 18കാരി ദിയ ഫാത്തിമയുടെ ജീവനാണ് ഒടുവിൽ അപഹരിക്കപ്പെട്ടത്. റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗത്ത് ഇൻസ്പെക്ഷൻ കോച്ച് തട്ടിയാണ് മരണം.
വടക്കുഭാഗത്ത് മേൽപാലം സ്ഥാപിക്കണമെന്ന ആവശ്യത്തിന് വളരെക്കാലത്തെ പഴക്കമുണ്ട്. എന്നാൽ, റെയിൽവേ അധികൃതർ വഴങ്ങുന്നില്ല. പന്തലായനി ഹയർ സെക്കൻഡറി സ്കൂളിലെയും പന്തലായനി ബി.ഇ.എം യു.പി സ്കൂളിലെയും നൂറുകണക്കിന് വിദ്യാർഥികൾക്കും നാട്ടുകാർക്കും മറുപുറം കടക്കാൻ പാളം മുറിച്ചുകടക്കുകയേ മാർഗമുള്ളൂ. തലനാരിഴ വ്യത്യാസത്തിലാണ് പലപ്പോഴും ഇവിടെ ജീവൻ രക്ഷപ്പെടുന്നത്. രണ്ടു വർഷം മുമ്പ് യു.പി സ്കൂൾ വിദ്യാർഥിയും ഇതേ ഭാഗത്ത് അപകടത്തിന് ഇരയായിരുന്നു. മേൽനടപ്പാലം ഉണ്ടായിരുന്നെങ്കിൽ ഇത്തരം മരണങ്ങൾ ഉണ്ടാകുമായിരുന്നില്ല.
മുമ്പ് ഉണ്ടായിരുന്ന പല വഴികളും പകരം സംവിധാനം ഒരുക്കാതെ റെയിൽവേ കൊട്ടിയടച്ചുകഴിഞ്ഞു. പന്തലായനി ഭാഗത്ത് റെയിൽവേ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 147 പ്രകാരം അനധികൃതമായി റെയിൽവേ ട്രാക്കിൽ പ്രവേശിക്കുന്നത് ശിക്ഷാർഹമാണെന്നാണ് മുന്നറിയിപ്പ്. മറുപുറം കടക്കാൻ മറ്റെന്തു മാർഗമെന്നാണ് വിദ്യാർഥികളും നാട്ടുകാരും ചോദിക്കുന്നത്. ജനപ്രതിനിധികളും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്. കുട്ടികളെ സ്കൂളിലേക്കു വിട്ടാൽ തിരിച്ചുവരുംവരെ രക്ഷിതാക്കളുടെ മനസ്സിൽ തീയാണ്. സ്കൂൾസമയങ്ങളിൽ രക്ഷിതാക്കളും അധ്യാപകരുമൊക്കെ കാവൽ നിന്നാണ് കുട്ടികളെ മറുപുറം കടത്തിവിടുന്നത്. ഇത് എപ്പോഴും സാധ്യമാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.