റോഡുകൾ നന്നാക്കാൻ ഇനിയും എത്ര പേർ മരിക്കണം? -ഹൈകോടതി
text_fieldsകൊച്ചി: റോഡുകൾ സഞ്ചാരയോഗ്യമാക്കണമെങ്കിൽ ഇനിയും എത്ര ജീവൻ പൊലിയേണ്ടി വരുമെന്ന് ഹൈകോടതി. റോഡുകളുടെ അവസ്ഥ പരിഗണിച്ചാൽ വീട്ടിൽ നിന്നിറങ്ങുന്നവർ മടങ്ങിയെത്തുമെന്ന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയാണ്. ഓരോ അപകടമുണ്ടാകുമ്പോഴും ഒറ്റപ്പെട്ടതാണെന്നാണ് അധികൃതർ പറയുന്നത്. ഒറ്റപ്പെട്ട ഓരോ അപകടങ്ങളും ചേർത്തുവെച്ചാൽ വലിയ ദുരന്തമായാണ് മാറുന്നത്.
റോഡപകടങ്ങൾ മനുഷ്യനിർമിത ദുരന്തങ്ങളാണ്. ജില്ല ദുരന്ത നിവാരണ സമിതിയുടെ തലവനെന്ന നിലയിൽ ഇത്തരം സംഭവങ്ങളിൽ ജില്ല കലക്ടർമാർക്ക് മൂകസാക്ഷിയായി നിൽക്കാനാവില്ലെന്നും ദേശീയപാതകളിലെ അറ്റകുറ്റപ്പണികൾ ഒരാഴ്‌ചക്കകം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. റോഡുകൾ യഥാസമയം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെടുന്ന ഹരജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം.
റോഡുകൾ തകരുന്നതിന് മഴയെ പഴി പറയുന്നത് നിർത്തി മറ്റെന്തെങ്കിലും നല്ല ന്യായീകരണം കൊണ്ടുവരണം. റോഡ് തകരാത്ത മറ്റ് പലയിടങ്ങളിലും മഴ പെയ്യുന്നുണ്ട്.
ദേശീയപാത തകർന്ന് ഇങ്ങനെയാകുമെന്ന് കരുതിയില്ല. മണിക്കൂറിൽ 20 -30 കിലോ മീറ്ററിലധികം വേഗത്തിൽ പോയാൽ തകർന്നു കിടക്കുന്ന കൊടുങ്ങല്ലൂർ -ചാലക്കുടി പാതയിൽ അപകടമുറപ്പാണെന്ന് കഴിഞ്ഞ ദിവസം അതുവഴി യാത്ര ചെയ്തപ്പോൾ മനസ്സിലായി. റോഡ് തകർന്ന് കിടക്കുന്നതിനാൽ വേഗം കുറച്ചുപോകണമെന്ന മുന്നറിയിപ്പ് ബോർഡ് പോലും എങ്ങും കണ്ടില്ല.
വാഹനാപകടങ്ങൾ പല വിധത്തിലുണ്ടാവാം. എന്നാൽ, കുഴിയുണ്ടാക്കി യാത്രക്കാരെ വീഴ്ത്തി അപകടമുണ്ടാക്കരുത്. മഴക്കാലമായതോടെ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കും. വേണ്ടത്ര വെളിച്ചം കൂടിയില്ലാതാകുന്നതോടെ ഇവ അപകടക്കെണിയാകും. റോഡുകളിലെ വേഗപരിധി 70 - 90 കിലോമീറ്ററാണ്. എന്നാൽ 20 - 30 കിലോമീറ്റർ വേഗത്തിൽ പോലും പോകാൻ കഴിയില്ല.
റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിലും അപകടമുണ്ടായാൽ നഷ്ടപരിഹാരം നൽകുന്നതിലുമടക്കം ദേശീയപാത, മോട്ടോൾ വാഹന ആക്ടുകളിൽ വ്യവസ്ഥകളുണ്ടെങ്കിലും നടപ്പാക്കുന്നില്ല. ദുരന്തനിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കാനാകും. രാജ്യത്ത് മറ്റൊരിടത്തും ദേശീയപാതകൾ ഇങ്ങനെ തകർന്നിട്ടുണ്ടാവില്ല. കോടതി ഒട്ടേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും റോഡുകളുടെ സ്ഥിതി മാറുന്നില്ല. റോഡുകളുടെ കാര്യത്തിൽ ജില്ല കലക്ടർമാർ ശ്രദ്ധിക്കണം.
റോഡിലെ കുഴിയടക്കാൻ ഇരയെ കാത്തിരിക്കരുത്. കുഴി കണ്ടാലുടൻ അടക്കാൻ നിർദേശിക്കണം. ഇനിയൊരു ദുരന്തം ഉണ്ടാകരുത്.
ഉത്തരവാദികളായ എൻജിനീയർ, കരാറുകാർ എന്നിവർക്കെതിരെ നടപടിയെടുക്കണം. അടുത്ത തവണ ഹരജി പരിഗണിക്കുമ്പോൾ ഒരു റോഡിലും കുഴികളുണ്ടാവരുതെന്നും കോടതി വാക്കാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.