ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക്?; കണക്കില്ലാതെ ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്‍റെ രൂക്ഷവ്യാപനം പിന്നിടുമ്പോഴും കഴിഞ്ഞ മൂന്നുമാസത്തിനിടെ, എത്രപേരിൽ രോഗം സ്ഥിരീകരിച്ചെന്ന് കണക്കില്ല. ഡിസംബർ 12ന് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തശേഷം ജനുവരി രണ്ടുവരെയുള്ള അറിയിപ്പ് മാത്രമാണ് ആരോഗ്യവകുപ്പ് നൽകിയത്. അതുവരെയുള്ള കണക്കിൽ ആകെ 741 പേർക്ക് സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ചെന്നാണ് വകുപ്പ് വ്യക്തമാക്കിയത്. അതിനുശേഷം ഔദ്യോഗിക അറിയിപ്പ് ഒമിക്രോൺ സംബന്ധിച്ചുണ്ടായില്ല.
ആരോഗ്യമന്ത്രി പിന്നീട് വെളിപ്പെടുത്തിയത് കോവിഡ് മൂന്നാംതരംഗത്തിൽ 94 ശതമാനവും ഒമിക്രോണാണെന്നും ആറ് ശതമാനം ഡെൽറ്റ എന്നുമാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ, കേരളത്തിൽ എത്രപേർക്ക് ഒമിക്രോൺ ബാധിച്ചെന്ന വിവരം നൽകാൻ ആരോഗ്യവകുപ്പിനാകുന്നില്ല. കോവിഡ് മൂന്നാംതരംഗം നേരിടാനുള്ള ക്രമീകരണങ്ങളുടെ തിരക്കിലായതിനാലാണ് ഒമിക്രോൺ കേസുകളുടെ കണക്ക് അപ്ഡേറ്റ് ചെയ്യാത്തതെന്നും ഉടൻ ഇത് പുറത്തുവിടുമെന്നും ആരോഗ്യവകുപ്പിലെ പൊതുജനാരോഗ്യവിഭാഗം പറയുന്നു. പകർച്ചവ്യാധികൾ ഉൾപ്പെടെ പുതിയ രോഗങ്ങളുടെയും രോഗബാധിതരുടെയും വിവരങ്ങൾ യഥാസമയം ആരോഗ്യവകുപ്പിന്‍റെ കണക്കിൽ ഉൾപ്പെടുത്തണമെന്നും അതിൽ അലംഭാവം വരുന്നത് ചികിത്സയെയും ഗവേഷണങ്ങളെയും ഉൾപ്പെടെ ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാജീവ്ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിലാണ് ഒമിക്രോണിന്‍റെ ജിനോം സ്വീക്വൻസി പരിശോധന കേരളത്തിൽ നടത്താൻ സൗകര്യമുള്ളത്. അതല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ അയക്കണം. നാലുമുതൽ അഞ്ചുദിവസംവരെ കാലതാമസമുണ്ട് ഫലം ലഭിക്കാൻ. ആവശ്യത്തിന് പരിശോധനാ സൗകര്യം കേരളത്തിലുണ്ടെന്ന് ആദ്യം സർക്കാർ പറഞ്ഞെങ്കിലും വളരെ കുറഞ്ഞ അളവിൽ മാത്രമേ, ഇവിടെ പരിശോധിക്കാനായുള്ളൂ. പിന്നീട്, എല്ലാം കോവിഡ് കേസുകൾ എന്ന നിലയിൽ കണക്കാക്കുകയായിരുന്നു. ആദ്യ ഒമിക്രോണിനു ശേഷം മൂന്നാംതരംഗത്തിൽ സംസ്ഥാനത്ത് ഇതുവരെ 1313336 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആരോഗ്യവകുപ്പിന്‍റെ വെളിപ്പെടുത്തൽ പ്രകാരം 90 ശതമാനവും ഒമിക്രോൺ ആണ്. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (B.1.1.529) ആണ് വിദേശത്ത് കണ്ടെത്തിയ വകഭേദം. ഇതുതന്നെയാണോ കേരളത്തിലെ മൂന്നാംതരംഗകാരണമെന്നും സ്ഥിരീകരിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.