ഗവർണർക്ക് എത്ര സ്റ്റാഫ്?; കണക്കിൽ 'ഒളിച്ചുകളി'
text_fieldsപത്തനംതിട്ട: മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിന്റെ ബാഹുല്യവും ബാധ്യതയും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സർക്കാറിനെ മുൾമുനയിൽ നിർത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വസതിയായ രാജ്ഭവനിലെ ജീവനക്കാരുടെ കണക്കിൽ 'ഒളിച്ചുകളി'. 101 ജീവനക്കാരുടെ വിവരങ്ങൾ രാജ്ഭവന്റെ വെബ്സൈറ്റിൽ നൽകിയപ്പോൾ വിവരാവകാശ പ്രകാരം കൈമാറിയത് 114 പേരുടെ വിവരം. ഇതേസമയം സർക്കാർ ജീവനക്കാരുടെ വേതനം കൈമാറുന്ന 'സ്പാർക്കി'ന്റെ കൈവശം 144 പേർ. (രാജ്ഭവന്റെ എല്ലാ ബില്ലും മാറിപ്പോകുന്നതും 'സ്പാർക്ക്' വഴിയാണ്).
144 പേരിൽ 74 പേർ താൽക്കാലികവും ബാക്കി 70 സ്ഥിര നിയമനവുമാണ്. ഇതിനിടെ നൂറിലധികം കരാർ ജീവനക്കാരുൾപ്പെടെ 240ഓളം പേർ ഗവർണറുടെ സ്റ്റാഫിൽ ഉണ്ടെന്നും ആരോപണം നിലനിൽക്കുന്നു. ഗവർണറുടെ വീട്ടുജോലിക്കാർ മാത്രം 70 പേർ വരുമത്രേ. രാജ്ഭവന്റെ എല്ലാ ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാറാണ്. ഒരുവർഷം നൂറിൽ താഴെ ഫയലുകളിൽ ഒപ്പിടേണ്ടുന്ന ഗവർണറുടെ സഹായിയായ ജീവനക്കാരിൽ എല്ലാവരും കൈപ്പറ്റുന്നത് അഞ്ചക്ക ശബളം. 50,000 മേൽ വേതനം വാങ്ങുന്നത് 40 പേരാണ്. ഇവരിൽ രണ്ട് ലക്ഷത്തിന് മേൽ വേതനം പറ്റുന്ന ഐ.എ.എസുകാരനും ഉൾപ്പെടും.
രാജ്ഭവന് അലക്കുകാരനും തയ്യൽക്കാരനും ആശാരിയും വരെ സ്വന്തമായുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റ ശേഷം വിവാദമായ പല സ്ഥിരം നിയമനങ്ങളും നടന്നിട്ടുണ്ട്. 12 പേരെ സ്ഥിരപ്പെടുത്തണമെന്ന കത്ത് മൂന്നുമാസം വെച്ച് വൈകിപ്പിച്ചതോടെയാണ് പിണറായി സർക്കാറുമായി പോർമുഖം തുറക്കുന്നത്.
സർക്കാറിന്റെ എല്ലാ ചെലവിനും നിയമസഭ വോട്ടെടുപ്പിലൂടെ അംഗീകാരം നേടുമ്പോൾ ഗവർണർക്കും സഹായികൾക്കുമായി ചെലവിടുന്ന പണത്തിന് കണക്കെടുപ്പും പരിശോധനയും ഇല്ല.
രാജ്ഭവന്റെ ഈ ചെലവുകൾ നിയമസഭയിൽ ചർച്ചയും വോട്ടെടുപ്പും ഇല്ലാതെ അംഗീകരിക്കും. ട്രഷറിയിൽ പണമില്ലെങ്കിൽപോലും രാജ്ഭവന്റെ ബില്ലുകൾ അംഗീകരിക്കണമെന്നാണ് വ്യവസ്ഥ.ഗവർണറുടെ വാർഷിക ശമ്പളവും ആനുകൂല്യങ്ങളും മാത്രം 42 ലക്ഷം രൂപയാണ്.
അതിഥി സൽക്കാരം, ദൈനംദിന ചെലവുകൾ, യാത്ര, വാഹനം, വാഹന അറ്റകുറ്റപ്പണി, ഇന്ധനം, സുരക്ഷ തുടങ്ങിയ ഇനങ്ങളിലും സംസ്ഥാന ഖജനാവിൽനിന്ന് ചോരുന്നത് കോടികളാണ്.
വിമാനയാത്ര ഇനത്തിൽ മാത്രം കഴിഞ്ഞവർഷം 13 ലക്ഷവും ഈ വർഷം 12 ലക്ഷവും മാറി. മാസങ്ങൾക്ക് മുമ്പ് വാങ്ങിയ മെഴ്സിഡസ് ബെൻസിന് 70 ലക്ഷം രൂപയായി.ഇതിനിടെ ഗവർണർക്ക് ഇഷ്ടാനുസരണം ഇഷ്ടക്കാർക്ക് ദാനം ചെയ്യാൻ സംസ്ഥന സർക്കാർ വർഷം കരുതിവെക്കേണ്ടത് കാൽകോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഗവർണർ ദാനം നൽകിയത് 13.5 ലക്ഷം രൂപ.
രാജ്ഭവനിൽ എത്തുന്ന അതിഥികളുടെ താമസവും ഭക്ഷണവും വാഹന സൗകര്യങ്ങളും സംസ്ഥാനം ഒരുക്കണം. രാജ്ഭവന്റെ ചെലവുകൾക്കായി ഈ വർഷം ആവശ്യപ്പെട്ട 12.70 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ചെലവ് 12.45 കോടി രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.