കള്ള് ഷാപ്പുകളെത്ര? അറിയില്ലെന്ന് സർക്കാർ
text_fieldsകോട്ടയം: സംസ്ഥാനത്തെ ലൈസൻസുള്ള കള്ളുഷാപ്പുകളുടെ എണ്ണവും ജില്ല തിരിച്ചുള്ള കണക്കും വ്യക്തമാക്കാതെ സർക്കാർ. ബിനാമി ലൈസൻസികൾ വഴി കൃത്രിമ കള്ള് വിൽക്കുന്നുവെന്ന പരാതി നിലനിൽക്കെയാണ് സർക്കാറിന്റെ അജ്ഞത. മാത്യു കുഴൽനാടൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്കാണ് വിവരം ശേഖരിച്ചുവരികയാണെന്ന് മാത്രം എക്സൈസ് മന്ത്രി മറുപടി നൽകിയത്. എത്ര തെങ്ങ് - പനകളിൽ നിന്ന് കള്ള് ചെത്താൻ അനുമതിയുണ്ട്?, എത്ര ലിറ്റർ കള്ളാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്? പുറത്ത് നിന്ന് കള്ളു കൊണ്ട് വന്ന് വിതരണം ചെയ്യുന്നുണ്ടോ? എങ്കിൽ എത്ര ലിറ്റർ തുടങ്ങിയ ചോദ്യങ്ങൾക്കും മറുപടിയില്ല.
സംസ്ഥാനത്തെ ബിനാമി ഷാപ്പ് ലൈസൻസുകൾ പരിശോധിക്കാൻ കഴിഞ്ഞ വർഷം എക്സൈസ് തീരുമാനമെടുത്തിരുന്നു. പല കള്ളുഷാപ്പുകളുടേയും ലൈസൻസിയും നടത്തിപ്പുകാരും വെവ്വേറെയാണെന്നും ഷാപ്പുകൾ വഴി മായം കലർന്ന കള്ളാണ് വിൽക്കുന്നതെന്നുമുള്ള പരാതികളും എക്സൈസിന് കിട്ടാറുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ കണക്ക് എക്സൈസ് വകുപ്പിന് മുന്നിലില്ല എന്നാണ് മന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്. സംസ്ഥാനത്ത് നിലവിലുള്ള കള്ളുഷാപ്പുകൾ വഴി വിൽപന നടത്തുന്നതിന് ആവശ്യമായ കള്ള് കേരളത്തിൽ ഉൽപാദിപ്പിക്കുന്നില്ലെന്ന് നേരത്തെ തന്നെ കണക്കുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ വ്യാജ കള്ള് വിൽപന സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നതിന്റെ കൂടി സൂചനയാണ് അവ്യക്തമായ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.