പ്രതിയുടെ ചിത്രം മാധ്യമ പ്രവർത്തകർ പകർത്തുന്നത് കൃത്യനിർവഹണം തടസ്സപ്പെടുത്തലാകുന്നതെങ്ങനെ -ഹൈകോടതി
text_fieldsകൊച്ചി: അറസ്റ്റ് ചെയ്ത പ്രതിയുടെ ചിത്രം മാധ്യമ പ്രവർത്തകർ പകർത്തുന്നത് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലാകുന്നത് എങ്ങനെയെന്ന് ഹൈകോടതി. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ ദൃശ്യം പകർത്തിയതിന്റെ പേരിൽ ‘മാതൃഭൂമി ന്യൂസി’ലെ മാധ്യമ പ്രവർത്തകർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ മാനേജ്മെന്റും ബന്ധപ്പെട്ട ജീവനക്കാരും നൽകിയ ഹരജിയിലാണ് കോടതി നിരീക്ഷണം.
പ്രതിയുടെ ചിത്രമെടുക്കൽ മാധ്യമ പ്രവർത്തകരുടെ ജോലിയാണ്. തിരിച്ചറിയൽ പരേഡ് നടത്തേണ്ട പ്രതികളാണെങ്കിൽ മുഖം മറച്ച് കൊണ്ടുവരണം. പ്രതി ചേർക്കാതെ മാധ്യമ പ്രവർത്തകരെ നിരന്തം നോട്ടീസ് നൽകി വിളിപ്പിക്കുന്നത് എന്തിനാണ്. അതിനാൽ, അവർക്ക് കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാനാകുന്നില്ല. മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കുന്നത് ജനാധിപത്യത്തിലെ നാലാം തൂൺ സങ്കൽപത്തിന് വിരുദ്ധമാണ്. മാധ്യമ പ്രവർത്തകരെന്ന നിലയിൽ പലവിവരവും ലഭിക്കും. അത് കണ്ടെത്താൻ അവരുടെ ഫോൺ പിടിച്ചെടുക്കുന്ന നടപടി ശരിയല്ല. കേസിന്‍റെ പേരിൽ മാധ്യമ പ്രവർത്തകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
പൊലീസിന്റെ ഭാഗത്തുനിന്ന് മാധ്യമ പ്രവർത്തകർക്ക് യാതൊരു ദ്രോഹവും ഉണ്ടാകില്ലെന്നും അന്വേഷണം മാത്രമാണ് നടത്തുന്നതെന്നുമായിരുന്നു സർക്കാറിന്‍റെ വാദം. കേസെടുത്തതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ രണ്ട് പരാതിയും ഉടൻ പരിഗണിച്ച് പരാതിക്കാരെ കേട്ട് തീരുമാനമെടുക്കണമെന്നും കേസ് അന്വേഷണവുമായി ഹരജിക്കാർ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.