‘സ്വർണക്കിരീട’ത്തിൽ സ്വർണമെത്ര, ചെമ്പെത്ര? വെട്ടിലായി സുരേഷ് ഗോപിയും ബി.ജെ.പിയും
text_fieldsതൃശൂർ: മകളുടെ വിവാഹസമയത്ത് ബി.ജെ.പി നേതാവും നടനുമായ സുരേഷ്ഗോപി തൃശൂർ ലൂർദ് മാതാവിന് ‘സ്വർണക്കിരീടം’ സമർപ്പിക്കുമ്പോൾ അതിന് ഇങ്ങനെയൊരു മാനം കൈവരുമെന്ന് അദ്ദേഹമോ പാർട്ടിയോ കരുതിയിരിക്കില്ല. ചാർത്തിയതിന് പിന്നാലെ താഴെ വീണത് മുതൽ കിരീടം സൃഷ്ടിക്കുന്ന വിവാദം പുതിയ തലങ്ങളിലേക്ക് വളരുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് വീണ്ടും മത്സരിക്കാൻ തയാറെടുത്ത സുരേഷ് ഗോപി വോട്ട് ലക്ഷ്യമിട്ടാണ് കിരീടം സമർപ്പിച്ചതെന്ന ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കെന്ന് പറഞ്ഞ് തള്ളിയ ബി.ജെ.പിയും സുരേഷ് ഗോപിയും ഇപ്പോൾ വിശദീകരിച്ച് വലയുകയാണ്. ‘സ്വർണക്കിരീട’ത്തിൽ സ്വർണമെത്ര, ചെമ്പെത്ര എന്നതാണ് പുതിയ തർക്കം. വളരെ ചെറിയ അളവിൽ സ്വർണം പൂശിയ കിരീടമാണ് ‘സ്വർണക്കിരീട’മെന്ന് പറഞ്ഞ് സമർപ്പിച്ചതെന്ന ആരോപണം തുടക്കത്തിൽ അവഗണിച്ച സുരേഷ് ഗോപി തിങ്കളാഴ്ച പറഞ്ഞത് ‘ത്രാണിക്കൊത്തതാണ് നൽകിയത്’ എന്നാണ്. പക്ഷേ, വിഷയം കൈയിൽനിന്ന് പോകുമെന്ന ബോധ്യം കൊണ്ടാവണം, തെരഞ്ഞെടുപ്പിൽ ജയിച്ചാൽ 10 ലക്ഷത്തിന്റെ സ്വർണക്കിരീടം പണിത് വൈരക്കല്ല് പതിച്ച് സമർപ്പിക്കുമെന്ന് ചൊവ്വാഴ്ച പുതിയ ‘ഓഫർ’ വെച്ചു.
കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപിയും ഭാര്യയും മകളും തൃശൂർ ലൂർദ് കത്തീഡ്രലിലെ മാതാവിന് സ്വർണക്കിരീടം സമർപ്പിച്ചത്. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിഭാഗം കേന്ദ്രസർക്കാറിനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ‘അത് നോക്കാൻ അവിടെ ആണുങ്ങളുണ്ട്’ എന്ന അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവന വിവാദമായിരുന്നു. അതിനെതിരെ തൃശൂർ അതിരൂപത പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെയായിരുന്നു സ്വർണക്കിരീട സമർപ്പണം. കിരീടത്തിലെ സ്വർണത്തിന്റെ അളവിനെക്കുറിച്ച് സമർപ്പണ ദിവസം സുരേഷ് ഗോപിയോട് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും പറഞ്ഞിരുന്നില്ല. കിരീടം നിർമിച്ച ആർട്ടിസാൻസ് ഗ്രൂപ്പ് കമ്പനി ഉടമ അനൂപ് അനന്തൻ പറഞ്ഞതാവട്ടെ, കിരീടം നിർമിക്കാൻ സുരേഷ്ഗോപി സ്വർണം നൽകിയെന്നും രണ്ടാഴ്ച കൊണ്ട് നിർമിച്ച് ബാക്കി സ്വർണം തിരിച്ച് കൊടുത്തെന്നുമാണ്. പിന്നീട് ബി.ജെ.പി നേതാക്കളാണ് കിരീടത്തിൽ അഞ്ച് പവൻ സ്വർണമുണ്ടെന്ന് പറഞ്ഞത്. സുരേഷ് ഗോപി തിരുത്തിയതുമില്ല.
കിരീടസമർപ്പണം ബി.ജെ.പിക്കും സുരേഷ്ഗോപിക്കും മേൽക്കൈയുണ്ടാക്കുമെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. കിരീടം ചാർത്തിയപ്പോൾ വീണത് ‘കൈരളി’ ചാനലിന്റെ കാമറാമാൻ തട്ടിയിട്ടിട്ടാണെന്ന പ്രചാരണമാണ് ആദ്യം ബി.ജെ.പി, സംഘ്പരിവാർ കേന്ദ്രങ്ങൾ ഉയർത്തിയത്. എന്നാൽ, ആ ചാനലിന്റെ പ്രതിനിധികൾ കിരീട സമർപ്പണം റിപ്പോർട്ട് ചെയ്യാൻ പോയിട്ടേയില്ലെന്ന് വ്യക്തമായതോടെ അതു വിട്ടു. കഴിഞ്ഞ ദിവസം ചേർന്ന ഇടവക പ്രതിനിധി യോഗത്തിൽ തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ ലീല വർഗീസാണ് കിരീടത്തിലെ സ്വർണ വിവാദം അവതരിപ്പിച്ചത്. ഇതോടെ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കേണ്ടി വന്നു.
അതുവരെ രാഷ്ട്രീയ ആരോപണം മാത്രമായി അവഗണിച്ച സുരേഷ്ഗോപി അതോടെ പ്രതികരിക്കാൻ നിർബന്ധിതനായി. ‘താൻ ചെയ്തത് തന്റെ ആചാരപരമായ പ്രവൃത്തിയാണെന്നും, നീചമായ വർഗീയ പ്രചാരണമാണ് നടത്തുന്നത്’ എന്നുമാണ് അദ്ദേഹം പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.