എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് റാങ്ക് പട്ടിക: നിയമിച്ചത് 12 പേരെ മാത്രം കാലാവധി ആഗസ്റ്റിൽ അവസാനിക്കും
text_fieldsകട്ടപ്പന: എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് ഇടുക്കി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാറായി. നിയമനം ലഭിക്കാതെ നിരവധി ഉദ്യോഗാര്‍ഥികള്‍.
നോട്ടിഫിക്കേഷന്‍ വന്ന് ഒമ്പതര വര്‍ഷം കഴിയുമ്പോഴാണ് ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നത്തിന് തടസ്സമായി നിയമനം മുടങ്ങുന്നത്.
എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 660-201ല്‍ 2012ലാണ് പി.എസ്.സി നോട്ടിഫിക്കേഷന്‍ വിളിച്ചത്. തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനുശേഷം 2016 ഒക്ടോബറിലായിരുന്നു പരീക്ഷ. റാങ്ക് പട്ടിക നിലവില്‍ വന്നത് 2018 ആഗസ്റ്റ് 17നാണ്. മെയിന്‍,- സപ്ലിമെൻററി പട്ടികകളിലായി നൂറോളം പേരാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍, ഇതില്‍ 12 പേരെ മാത്രമാണ് നിയമിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയും സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയും ചെയ്തതോടെ അധ്യാപക നിയമനം നീളുകയാണ്. പട്ടികയിൽ ശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള തൊഴില്‍ അവസരം നഷ്ടമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി ആഗസ്റ്റ് 17ന് അവസാനിക്കും. അധ്യയന വര്‍ഷം ആരംഭിച്ചെങ്കിലും അധ്യാപക നിയമനം നടത്താത്തതിനാല്‍ റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. ഇടുക്കിയില്‍ ഇതേ വിഭാഗത്തില്‍ നിലവില്‍16 ഒഴിവുകള്‍ ഉണ്ടെങ്കിലും ഇവ നികത്താന്‍ തയാറാകുന്നില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ 90 ശതമാനത്തിലധികം വിദ്യാലയങ്ങളിലും സോഷ്യല്‍ സയന്‍സിന് ഒരു അധ്യാപക തസ്തിക മാത്രമേ നിലവിലുള്ളൂ. എന്നാല്‍, ജില്ലയിലെ 25ശതമാനത്തിലധികം വിദ്യാലയങ്ങളിലും സോഷ്യല്‍ സയന്‍സ് അധ്യാപകനില്ലാത്ത അവസ്ഥയാണ്.
ഏറ്റവുമധികം എസ്.ടി വിഭാഗക്കാരുള്ള ജില്ലയില്‍ പട്ടികയിൽപെട്ട ഇൗ വിഭാഗവും ജോലി സാധ്യത അടയുകയാണ്. എസ്.ടി വിഭാഗത്തിന് ഒരു നിയമനം പോലും ലഭിച്ചിട്ടില്ല. വർഷങ്ങളായി പട്ടികയിൽ പ്രതീക്ഷ അർപ്പിച്ച ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായപരിധി കഴിഞ്ഞതിനാല്‍ ഇനി പി.എസ്.സി പരീക്ഷ എഴുതാനും സാധിക്കില്ല.
ഇതേ സമയത്ത് നോട്ടിഫിക്കേഷന്‍ വന്ന മറ്റ് പല റാങ്ക് പട്ടികകളുടെയും കാലാവധി ആറു മാസത്തേക്ക് സര്‍ക്കാര്‍ നീട്ടിയിരുന്നു. എന്നാല്‍, എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ് പട്ടികക്ക് ഈ ആനുകൂല്യവും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.