കൂറ്റൻ ചരക്കുകപ്പൽ വിഴിഞ്ഞത്ത്
text_fieldsതിരുവനന്തപുരം: ഇന്ത്യൻ തുറമുഖങ്ങളിൽ ഇതുവരെ എത്തിയതിൽ ഏറ്റവും വലിയ ചരക്കുകപ്പൽ വിഴിഞ്ഞത്ത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി(എം.എസ്.സി)യുടെ ക്ലോഡ് ഗിറാര്ഡെറ്റാണ് വെള്ളിയാഴ്ച വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്നർ ഇറക്കിയശേഷം പോർച്ചുഗലിലേക്കാണ് മടങ്ങുക. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും 16.6 മീറ്റർ ആഴവും 24,116 കണ്ടെയ്നർ ശേഷിയുമുള്ളതാണ് കപ്പൽ.
രാജ്യത്തെ ഏറ്റവുംവലിയ മദർ പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന് അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഭീമൻ കപ്പലുകളെ കൈകാര്യംചെയ്യാൻ സാധിക്കുമെന്ന് ക്ലോഡ് ഗിറാര്ഡെറ്റ് എത്തിയതോടെ തെളിയിക്കാനായതായി തുറമുഖ അധികൃതർ പറഞ്ഞു. ട്രയൽറൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ ‘ഡെയ്ലാ’, 16.5 മീറ്റർ ഡ്രാഫ്റ്റുള്ള ‘എം.എസ്.സി കെയ്ലി’, എം.എസ്.സി സുവാപെ തുടങ്ങിയ കണ്ടെയ്നർ കപ്പലുകൾ എത്തിയിരുന്നു. വരുന്ന ആഴ്ചകളിലും കൂടുതൽ കപ്പലുകൾ തുറമുഖത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. തുടർന്നായിരിക്കും വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കുക. ട്രയൽ റണ്ണിന്റെ ഭാഗമായി വിഴിഞ്ഞത്ത് ആദ്യമെത്തിയത് മെസ്കിന്റെ ‘സാൻ ഫെർണാൺഡോ’യെന്ന കണ്ടെയ്നർ കപ്പലായിരുന്നു.
നബാർഡ് വായ്പാ കരാറായതോടെ തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കും വേഗം കൈവരും. വിഴിഞ്ഞം തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതം സജീവമാകുന്നതോടെ കേരളം വലിയ വികസനകുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് എം.എസ്.സി ക്ലോഡ് ഗിറാര്ഡെറ്റിന്റെ നങ്കൂരമിടലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.