മൂന്ന് മാസത്തിനിടെ കുറഞ്ഞത് 29 രൂപ; റബർ വിലയിൽ വൻ ഇടിവ്
text_fieldsകോട്ടയം: റബർ വിലയിൽ വൻ ഇടിവ്. മൂന്ന് മാസത്തിനിടെ കിലോക്ക് 29 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ ഒന്നിന് കിലോക്ക് 180 രൂപയായിരുന്നു. ഇതാണ് ശനിയാഴ്ച 151 രൂപയായി കുറഞ്ഞത്. ഇത് റബർ ബോർഡ് വിലയാണെങ്കിലും കർഷകർക്ക് ലഭിച്ചത് 146 രൂപ മാത്രമായിരുന്നു. ചിലയിടങ്ങളിൽ ഇതിലും കുറഞ്ഞനിരക്കിലായിരുന്നു വ്യാപാരം.
സ്വാഭാവിക റബറിന് ആവശ്യകത കുറഞ്ഞതും രാജ്യാന്തര മാർക്കറ്റിലെ വിലയിടിവുമാണ് വില കുറയുന്നതിന് പ്രധാന കാരണമെന്ന് റബർ ബോർഡ് അധികൃതർ പറയുന്നതെങ്കിലും വൻതോതിലുള്ള ഇറക്കുമതിയാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്.
രാജ്യന്തരവിപണിയിലെ വിലയിടിവ് മുതലെടുത്ത് വൻതോതിലാണ് ടയർ കമ്പനികൾ ഇറക്കുമതി നടത്തുന്നത്. പല കമ്പനികളും ആഭ്യന്തര വിപണിയിൽനിന്ന് റബർ വാങ്ങാതെ വിട്ടുനിൽക്കുകയാണ്.
ഇതാണ് ഉൽപാദനം കുറവായിട്ടും വില കുറയാൻ കാരണം. തുടർച്ചയായി മഴ പെയ്യുന്നതിനാൽ റബര്‍ ഉൽപാദനം പേരിനുമാത്രമാണ്. കനത്ത മഴ ചെയ്ത കഴിഞ്ഞ ആഴ്ചകളിൽ ഭൂരിഭാഗം കർഷകരും ടാപ്പിങ് നടത്തിയിരുന്നില്ല. എന്നിട്ടും വിലയിടിയുന്നതിൽ കർഷകർ ആശങ്കയിലാണ്. മഴമാറി ഉൽപാദനം കൂടിയാല്‍ ഇനിയും വില കുറയുമെന്ന ഭീതിയും കർഷകർക്കുണ്ട്.
170 രൂപവരെ വിലയുണ്ടായിരുന്ന ലാറ്റക്സ് വിലയും കുറഞ്ഞു. ഒട്ടുപാലിനും വിലയിടിവ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഈ സമയം റബർ വില 170 രൂപയായിരുന്നു. വില വീണ്ടും കുറയാനാണ് സാധ്യതയെന്ന് റബർ ഉൽപാദക സംഘങ്ങൾ പറയുന്നു.വിലസ്ഥിരത പദ്ധതിക്ക് അനുകൂല്യവും കർഷകർക്ക് കൃത്യമായി ലഭിക്കുന്നില്ല. റബർ വില കിലോക്ക് 150ൽ എത്തിയിട്ടും തുകവിതരണം കാര്യക്ഷമായിട്ടില്ലെന്ന് കർഷകർ പറയുന്നു.
150 അടിസ്ഥാന വില നിശ്ചയിച്ച് ആരംഭിച്ച പദ്ധതിയിൽ അടിസ്ഥാന വില 170 രൂപയാക്കി ഉയർത്തിയിരുന്നു. ഇതിനായി ബിൽ സമർപ്പിക്കുന്നതിൽ തടസ്സങ്ങളുണ്ടെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം തുടക്കത്തില്‍ വില 170 എന്ന നിലയിൽ നിന്നത് കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു.
ഇതിനാല്‍ മിക്കവരും തോട്ടങ്ങൾ റെയിൻഗാർഡ് നടത്തി മഴക്കാലത്തും ടാപ്പിങ് സാധ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഇപ്പോഴത്തെ വിലയിടിവ് കാരണം റെയിൻ ഗാർഡിങ്ങിനും വളമിടലിനും മറ്റുമായി ചെലവാക്കിയ തുകപോലും തിരിച്ചുപിടിക്കാൻ കഴിയാത്ത അവസ്ഥയാകുമോ എന്ന ഭയത്തിലാണ്. വിലയിടിവ് റബർ കുടുംബങ്ങളിലെ ഓണവും നിരാശയുടേതാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അടിയന്തരമായി ഇടപെടണം -പി.സി. തോമസ്
കോട്ടയം: റബർ വില അതിരൂക്ഷമായി താഴോട്ട് പോയിരിക്കുന്നതിനാൽ കർഷകർ ഏറെ അവതാളത്തിലാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെട്ട് കർഷകരെ സഹായിക്കണമെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രണ്ടുമാസം മുമ്പ് റബർഷീറ്റിന് കിലോക്ക് 175 ഉണ്ടായിരുന്നു. പാലിന് 170 രൂപയും. ഇപ്പോൾ 150നും നൂറ്റിപതിനെട്ടിനും താഴേക്ക് പോയിരിക്കുകയാണ്. കുറഞ്ഞവില നിശ്ചയിച്ചിരുന്നത് 170 ആയിരുന്നു. എന്നാൽ, വില ഇത്രയും പോയിട്ടും സർക്കാറുകൾ തിരിഞ്ഞുനോക്കുന്നില്ല.
റബർ മേഖലയോട് പൂർണമായും അകൽച്ച കാണിക്കുന്ന കേന്ദ്രസർക്കാർ റബർ റീപ്ലാന്‍റിങ്ങിന് പ്രത്യേകിച്ച് സബ്സിഡി അനുവദിക്കണമെന്നും വിലയിടിവിൽ കർഷകരെ സഹായിക്കാൻ വേണ്ടി പ്രത്യേകം ഫണ്ട് രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് കുര്യാക്കോസ്, ജില്ല ജനറൽ സെക്രട്ടറി ജയ്സൺ ഒഴികെയിൽ, നിയോജക മണ്ഡലം പ്രസിഡന്‍റ് കുര്യൻ പി. കുര്യൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.