ട്രഷറികളിൽ വൻ ഫീസ് വർധന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറികൾ ഈടാക്കുന്ന ഫീസുകൾ കുത്തനെ വർധിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. മറ്റു വകുപ്പുകളിലെ നികുതിയേതര വരുമാന വർധനക്കും നടപടിയുണ്ടാകും.
പെർമനന്‍റ് സ്റ്റാമ്പ് വെണ്ടർമാരുടെ ലൈസൻസ് ഫീസ് മൂന്ന് വർഷത്തേക്ക് 1500ൽനിന്ന് 6000 രൂപയായി ഉയർത്തി. ഒരു വർഷത്തേക്ക് 750ൽനിന്ന് 3000 രൂപയായും താൽക്കാലിക/സ്പെഷൽ വെണ്ടർ ലൈസൻസ് ഫീസ് 500ൽനിന്ന് 2000 രൂപയായും ഉയർത്തി. ട്രഷറി ബിൽ ബുക്ക് നഷ്ടപ്പെട്ടാൽ ഓരോ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരിൽനിന്നും (ഡി.ഡി.ഒ) വ്യക്തിഗത ബാധ്യതയായി ഈടാക്കുന്ന തുക 525ൽനിന്ന് 1000 ആയും സേവിങ്സ് ബാങ്ക് ചെക്ക് ബുക്ക്, പാസ് ബുക്ക് എന്നിവ നഷ്ടപ്പെട്ടാൽ അക്കൗണ്ട് ഉടമയിൽനിന്ന് ഈടാക്കുന്ന തുക 15ൽനിന്ന് 50 രൂപയായും വർധിപ്പിച്ചു.
സർട്ടിഫിക്കറ്റ് ഓഫ് റെമിറ്റൻസിന് നൽകേണ്ട തുക 15ൽനിന്ന് 50 രൂപയാക്കി. മെറ്റൽ ടോക്കൺ നഷ്ടപ്പെട്ടാൽ ഈടാക്കുന്ന തുക 10ൽ നിന്ന് 25 രൂപയാക്കി. പെൻഷൻ ഉത്തരവിന്‍റെ ഭാഗം നഷ്ടപ്പെട്ടാൽ പി.പി.ഒ ഡ്യൂപ്ലിക്കേറ്റിന്‍റെ ഫീസ് 250ൽനിന്ന് 500 രൂപയായി വർധിപ്പിച്ചു.
നാൾവഴി പരിശോധന പിഴവിനുള്ള (പരിശോധിച്ച് പിഴവ് കണ്ടെത്തിയാൽ) ഫീസ് 500ൽ നിന്ന് 5000 രൂപയാക്കി. വെണ്ടർ നാൾ വഴി രജിസ്റ്റർ 33ൽനിന്ന് 100 രൂപയാക്കി. നികുതിയേതര വരുമാനം വർധിപ്പിക്കാൻ ധനകാര്യ വകുപ്പും ട്രഷറി വകുപ്പും യോഗം ചേർന്നിരുന്നു. ഇതിലെ നിർദേശ പ്രകാരമാണ് വർധന തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.