കൊച്ചി പുറങ്കടലിൽ വൻ ഹെറോയിൻ വേട്ട: അഞ്ച് പാക് പൗരൻമാർ ഉൾപ്പെടെ ആറുപേർ കസ്റ്റഡിയിൽ
text_fieldsകൊച്ചി: കൊച്ചി പുറങ്കടലിലൂടെ ബോട്ടിൽ കടത്താൻ ശ്രമിച്ച 400 കോടി രൂപ വില വരുന്ന 200 കിലോഗ്രാം ഹെറോയിൻ നാവികസേനയുടെ പിടിയിലായി. ബോട്ടിലുണ്ടായിരുന്ന പാകിസ്താൻ പൗരൻമാരായ അഞ്ച് പേരുൾപ്പെടെ ആറുപേരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കൊച്ചി യൂനിറ്റിന് കൈമാറി. ഇവരെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യചെയ്തുവരുകയാണ്. ഒരാൾ ഇറാൻ പൗരനാണെന്ന് സംശയമുണ്ട്. പ്രതികളുടെ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും.
നാവികസേന പുറങ്കടലിൽ പട്രോളിങിനിടെ സംശയം തോന്നിയ ബോട്ടിനെ പിന്തുടർന്ന് നിർത്തിച്ചശേഷം പരിശോധന നടത്തുകയായിരുന്നു. രഹസ്യ അറകളിൽ പാക്കറ്റുകളായി സൂക്ഷിച്ചതായിരുന്നു ഹെറോയിൻ എന്നാണ് സൂചന. ബോട്ടിലുണ്ടായിരുന്നവരെ നാവികസേന കപ്പലിൽതന്നെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ മട്ടാഞ്ചേരിയിൽ എത്തിച്ച് എൻ.സി.ബി അധികൃതർക്ക് കൈമാറി. ഹെറോയിൻ ശ്രീലങ്കയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം എന്നാണ് വിവരം. ശ്രീലങ്കയിൽനിന്ന് ലഹരി സംഘങ്ങൾക്ക് ഇവ കൈമാറും.
ഏതാനും നാളുകൾക്ക് മുമ്പ് പുറങ്കടലിൽ നാല് ബോട്ടുകളും ഹെറോയിനും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കെയാണ് അടുത്ത സംഘത്തെ പിടികൂടുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.