കപ്പൽ നിരക്കിൽ വൻ വർധന; ലക്ഷദ്വീപുകാർക്ക് ഇരുട്ടടി
text_fieldsബേപ്പൂർ: ലക്ഷദ്വീപ് നിവാസികൾക്ക് ഇരുട്ടടിയായി യാത്രക്കപ്പൽ നിരക്കുകൾ കുത്തനെ കൂട്ടി. ബുധനാഴ്ച മുതൽ പുതിയ നിരക്ക് ബാധകമാവും. കപ്പൽ സർവിസ് നടത്തിപ്പ് ചെലവ് കൂടിയതാണു നിരക്ക് കൂട്ടാൻ കാരണമായി ലക്ഷദ്വീപ് ഭരണകൂടവും ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പും പറയുന്നത്. ബേപ്പൂർ, കൊച്ചി, മംഗളൂരു തുറമുഖങ്ങളിൽനിന്ന് ലക്ഷദ്വീപിലേക്കും ദ്വീപുകളിൽനിന്ന് മറ്റു ദ്വീപുകളിലേക്കുള്ള ചെറുയാത്രകളുടെ നിരക്കിലും മാറ്റമുണ്ട്.
ഏറ്റവും താഴ്ന്ന ക്ലാസിൽപ്പോലും 100 രൂപയാണ് കൂട്ടിയത്. കവരത്തിയിലേക്ക് ബേപ്പൂരിൽനിന്ന് 230 രൂപയാണു പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക്. സെക്കൻഡ് ക്ലാസ് 720, ഫസ്റ്റ് ക്ലാസ് 1910. കൊച്ചിയിൽനിന്നുള്ള ബങ്ക് ക്ലാസ് ടിക്കറ്റിന് 220 രൂപയുണ്ടായിരുന്നത് 330 ആക്കി. സെക്കൻഡ് ക്ലാസ്സിൽ 1300 രൂപയും, ഫസ്റ്റ് ക്ലാസ് കാബിന് 3,510 രൂപയും ഇനി മുതൽ ദ്വീപുകാർ നൽകണം . വി.ഐ.പി കാബിന് 6110 രൂപയാണ് നിരക്ക് .
മംഗളൂരു-കവരത്തി ബങ്ക് ക്ലാസിന് 240 രൂപയും ഫസ്റ്റ് ക്ലാസ് , സെക്കൻഡ് ക്ലാസുകൾ യഥാക്രമം 2240 , 840 രൂപയും നൽകണം . ലക്ഷദ്വീപുകാർക്ക് പുറമേ ഇവിടെ ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർക്കും ഈ നിരക്കായിരിക്കും ബാധകമാവുക .കൊച്ചി-ആന്ത്രോത്ത് 'ഹൈസ്പീഡ് വെസ്സൽ' നിരക്ക് 220 ആയിരുന്നത് 360 രൂപയാക്കി.
അതേസമയം, ലക്ഷദ്വീപിൽ പുറത്തുനിന്നുള്ളവരുടെ ടിക്കറ്റിൽ ഇരട്ടിയിലേറെ വർധനവുണ്ട് . ദ്വീപുകാരല്ലാത്തവർക്ക് ബേപ്പൂരിൽനിന്ന് കവരത്തിയിലേക്ക് 900 രൂപയാണ് പുതുക്കിയ ബങ്ക് ക്ലാസ് നിരക്ക് . സെക്കൻഡ് ക്ലാസ് -2070, ഫസ്റ്റ് ക്ലാസ് 3170. മംഗളൂരു-കവരത്തി ബങ്ക് ക്ലാസിന് 990 രൂപയും ഫസ്റ്റ് ക്ലാസ് , സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് യഥാക്രമം 3710 , 2430 രൂപയുമാണു നിരക്ക് . കൊച്ചിയിൽനിന്നു കവരത്തിയിലേക്കുള്ള ബങ്ക് ക്ലാസ്നിരക്ക് 500ൽനിന്ന് 1500 ആക്കി ഉയർത്തി . സെക്കൻഡ് ക്ലാസിന് 3810 രൂപയും ഫസ്റ്റ് ക്ലാസിന് 5820 രൂപയുമായി . 10,610 രൂപയാണ് വി.ഐ.പി കാബിൻ നിരക്ക്. നിലവിൽ കൊച്ചിയിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാന ടിക്കറ്റിന് 5,845 രൂപയാണ് ഈടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.