ലഹരിക്കടിമയാകുന്നവരുടെ എണ്ണത്തിൽ വൻവർധന
text_fieldsകോട്ടയം: വിദ്യാർഥികളിലടക്കം മയക്കുമരുന്ന് ഉപയോഗം കുതിച്ചുയരുന്നതിനിടെ ലഹരിക്കടിമയായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻവർധന. 2021ൽ എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി ഡീ അഡിക്ഷന് സെന്ററുകളിൽ 16,681 പേരാണ് ചികിത്സ തേടിയതെങ്കിൽ കഴിഞ്ഞവർഷമിത് 27,061 ആയി കുതിച്ചുയർന്നു. ഇതിൽ 4834 പേർ കിടത്തി ചികിത്സക്കാണ് ‘വിമുക്തി’യിലെത്തിയത്.
കൗമാരക്കാരുടെ എണ്ണത്തിലും വൻഉയർച്ചയാണ് കണക്കുകളിൽ. 21 വയസ്സിനുതാഴെ പ്രായമുള്ള 2312 പേരാണ് 2021ൽ ചികിത്സ തേടിയതെങ്കിൽ 2022ൽ 3569 പേരെത്തി. ഈ വർഷം ജനുവരിയിൽ മാത്രം ഇരുനൂറിലധികം കൗമാരക്കാരാണ് ചികിത്സതേടിയത്. ചികിത്സ തേടുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണെന്നും എക്സൈസ് പറയുന്നു.
2018ൽ പദ്ധതിക്ക് തുടക്കമിട്ടതിനുശേഷം ഇതുവരെ ഒ.പിയിൽ മൊത്തം 87,470 പേരും ഐ.പിയിൽ 7356 പേരുമാണ് ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കഴിഞ്ഞ രണ്ടുവർഷങ്ങളിലായിരുന്നുവെന്നാണ് ഞെട്ടിക്കുന്ന വിവരം. ലഹരി ഉപയോഗിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണവും ക്രമാതീതമായി വർധിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിമുക്തി മിഷന്റെ കീഴില്‍ സംസ്ഥാനത്ത് 14 ഡീ അഡിക്ഷന് സെൻററുകളാണ് പ്രവർത്തിക്കുന്നത്. 21 ദിവസം നീളുന്ന കിടത്തിച്ചികിത്സ മുതൽ കൗൺസലിങ് വരെയുള്ള സംവിധാനങ്ങളാണ് എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ എക്സൈസ് ഒരുക്കിയിട്ടുള്ളത്.
കൂട്ടുകാർ ഉപയോഗിക്കുന്നതുകണ്ട് ലഹരിവസ്തുക്കൾ രുചിച്ചവരാണ് ക്രമേണ ഇതിന്റെ അടിമകളായി മാറുന്നതെന്ന് കൗൺസിലർമാർ പറയുന്നു. കുട്ടികളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം അധ്യാപകർക്കും രക്ഷിതാക്കൾക്കും തിരിച്ചറിയാനാകും. ലഹരിക്ക് അടിപ്പെട്ടുവെന്ന് തോന്നിയാൽ കൃത്യമായ ചികിത്സ അതിവേഗം നൽകണം. ലഹരിക്ക് അടിമയായവരെ കൃത്യമായ ചികിത്സയിലൂടെ സാധാരണജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയുമെന്നും ഇവർ പറയുന്നു.
കേരളത്തില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന കൗമാരക്കാരില്‍ 79 ശതമാനം പേരും സുഹൃത്തുക്കള്‍ വഴിയാണ് ഇതിന് തുടക്കമിടുന്നതെന്ന് നേരത്തേ എക്സൈസ് നടത്തിയ സര്‍വേയിൽ കണ്ടെത്തിയിരുന്നു. ലഹരി എന്തെന്നറിയാനുള്ള കൗതുകമാണ് 78.1 ശതമാനം പേരെയും ഇതിലേക്ക് നയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 10നും 15നും ഇടയില്‍ പ്രായമുള്ളപ്പോള്‍ ലഹരി ഉപയോഗം തുടങ്ങുന്നവരാണ് കൗമാരക്കാരില്‍ 70 ശതമാനം പേരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.