ബാർ വിൽപന നികുതിയിൽ വൻ ചോർച്ച
text_fieldsതൃശൂർ: ബാർ ഹോട്ടലുകളിൽനിന്നുള്ള വിൽപന നികുതി പിരിക്കുന്നതിൽ സംസ്ഥാനത്ത് ഗുരുതര വീഴ്ച. നികുതി പിരിക്കുന്നതിൽ സർക്കാർ കൃത്യമായ നടപടി പാലിക്കുന്നില്ല. മദ്യവിൽപനയുമായി ബന്ധപ്പെട്ട് നൽകുന്ന വിൽപന നികുതി അഥവാ ടേൺ ഒവർ ടാക്സ് (ടി.ഒ.ടി) നിലവിൽ വിൽപനയുടെ 10 ശതമാനം മാത്രമാണ്.
സംസ്ഥാനത്തെ ബെവ്കോ വെയർഹൗസുകളിൽനിന്ന് വാങ്ങുന്ന മദ്യത്തിന്റെ കയറ്റിറക്ക് തുകയും ലാഭവും ഉൾപ്പെടെ ചേർന്ന തുകയാണ് വിറ്റുവരവ്. ഇതിൽ ടി.ഒ.ടി കണക്കാക്കിയാണ് നികുതി സർക്കാറിലേക്ക് അടക്കുന്നത്. നേരത്തെ 1000 കോടി രൂപയിലധികം ലഭിച്ചിരുന്ന തുക നിലവിൽ 100ൽ താഴെയാണ് ഖജനാവിലേക്ക് എത്തുന്നത്.
2016ൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ സംസ്ഥാനത്ത് ആകെ 29 ബാർ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. 2017 ജൂണിൽ സർക്കാർ മദ്യനയം തിരുത്തി. ബാർ ലൈസൻസിന് പ്രതിവർഷം 30 ലക്ഷം രൂപ വീതം സ്വീകരിച്ച് 665 ബാറുകൾക്ക് പ്രവർത്തനാനുമതി നൽകി. 2023 മുതൽ ഈ ലൈസൻസ് തുക 32 ലക്ഷമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
2016 വരെ കോമ്പൗണ്ടിങ് സമ്പ്രദായത്തിൽ നികുതി നൽകാത്ത ബാർ ഹോട്ടലുകളിൽ പ്രതിവർഷം നിർബന്ധിത ഇന്റലിജൻസ് പരിശോധന നടത്തിയിരുന്നു. മദ്യം പെഗ് അളവിൽ വിൽക്കുമ്പോൾ വാങ്ങുന്ന വിലയിൽ അടങ്ങിയിരിക്കുന്ന ലാഭ ശതമാനം തന്നെയാണോ പ്രതിമാസ റിട്ടേണുകളിൽ കാണിച്ചിരിക്കുന്നത് എന്നാണ് പരിശോധിച്ചിരുന്നത്.
വെട്ടിപ്പ് ബോധ്യപ്പെട്ടാൽ പിഴയിടുകയും ബന്ധപ്പെട്ട നികുതി നിർണയ അധികാരിക്ക് പരിശോധന സംഘം വിവരം കൈമാറുകയും ചെയ്തിരുന്നു. നികുതി നിർണയം നടത്തുമ്പോൾ ലാഭ ശതമാനം ടി.ഒ.ടി കണക്കാക്കാനുള്ള അളവുകോലായും നിർണയിച്ചിരുന്നു.
അതേസമയം, 2017ന് ശേഷം ഇത്തരം പരിശോധനകൾ ഒഴിവാക്കി. ബാറുടമകൾ തയാറാക്കി കൊണ്ടുവരുന്ന കണക്കുകൾ അംഗീകരിച്ച് നികുതി നിർണയിച്ച് നൽകാൻ നികുതി നിർണയ ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയാണ്. ഒപ്പം ഭൂരിഭാഗം ബാർ ഹോട്ടലുടമകളും നികുതി റിട്ടേണുകൾ സമയബന്ധിതമായി ഫയൽ ചെയ്യുന്നുമില്ല. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാറും മുതിരുന്നില്ല.
ഇതിനെല്ലാം ഒത്താശ ചെയ്യുകയാണ് നികുതി വകുപ്പ് മേധാവികൾ. ഇതുമൂലം സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. 2022-23 സാമ്പത്തിക വർഷം ആകെയുള്ള 665ൽ 332 ബാർ ഹോട്ടലുകൾ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതായി ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.