തിരുവനന്തപുരം നഗരസഭയിൽ മേയറുടെ ഡയസിന് താഴെ കിടന്ന് പ്രതിപക്ഷ പ്രതിഷേധം; കൗൺസിൽ യോഗത്തിൽ വീണ്ടും ബഹളം
text_fieldsതിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കനക്കവെ കൗൺസിൽ യോഗത്തിൽ വീണ്ടും പ്രതിഷേധവും നാടകീയ രംഗങ്ങളും. പ്രതിപക്ഷ കക്ഷികൾ നടത്തിയ പ്രതിഷേധം ഏറ്റുമുട്ടലിലേക്ക് നീങ്ങിയപ്പോൾ സമീപകാല ചരിത്രത്തിൽ ആദ്യമായി പൊലീസ് കാവലിൽ കൗൺസിൽ യോഗം ചേർന്നു.
ഇരിപ്പിടത്തിലേക്കെത്താൻ അനുവദിക്കാത്ത രീതിയിൽ മേയറുടെ ഡയസിന് താഴെ കിടന്ന് പ്രതിഷേധിച്ച ബി.ജെ.പി വനിത കൗൺസിലർമാരെ പൊലീസ് വലിച്ചുനീക്കി. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ശക്തമായ പൊലീസ് സുരക്ഷയിലാണ് രണ്ടുമണിക്കൂർ നീണ്ട യോഗം നടന്നത്.
കത്ത് വിവാദത്തിന് പിന്നാലെ ചേർന്ന രണ്ടാമത്തെ കൗൺസിൽ യോഗമാണ് പ്രതിപക്ഷ കക്ഷികളുടെ സമരത്തിൽ അലങ്കോലമാകുന്നത്. വാദ്യോപകരണങ്ങളുമായി പ്രതിഷേധിച്ച യു.ഡി.എഫ് കൗൺസിലർമാരും യോഗ നടത്തിപ്പിന് വെല്ലുവിളിയായി.
ചൊവ്വാഴ്ച ഉച്ചക്ക് 2.30നാണ് കൗൺസിൽ യോഗം നിശ്ചയിച്ചിരുന്നത്. ഇതിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി ബി.ജെ.പിയുടെ 14 വനിത കൗൺസിലർമാർ മേയറുടെ ഇരിപ്പിടത്തിന് രണ്ടുവശങ്ങളിലായി കിടന്ന് പ്രതിഷേധിച്ചു. ഇവരെ നേരിടാൻ എൽ.ഡി.എഫിലെ ഏതാനും പേർ ഡയസിൽ കയറി. മറ്റ് ബി.ജെ.പി കൗൺസിലർമാരും യു.ഡി.എഫ് അംഗങ്ങളും ഡയസിന് അഭിമുഖമായി നിന്ന് 'ഗോ ബാക്ക്' മുദ്രാവാക്യം വിളിച്ചു. ഇതോടെ സ്ഥലത്ത് വലിയ സംഘർഷാന്തരീക്ഷമായി.
കൗൺസിലർമാരെ മറികടന്ന് മേയർക്ക് വഴിയൊരുക്കാൻ എൽ.ഡി.എഫ് അംഗങ്ങൾ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പൊലീസെത്തി. ഒരുവശത്ത് കിടന്ന് പ്രതിഷേധിച്ച ഒമ്പത് പേരെ ഡയസിൽനിന്ന് വലിച്ചിഴച്ച് താഴെയിറക്കി. സുമി ബാലു, അർച്ചന, പി.എസ്. ജയലക്ഷ്മി എന്നിവരെ പടിക്കെട്ടിലൂടെ വലിച്ചാണ് താഴെയെത്തിച്ചത്. പൊലീസുമായുള്ള ഉന്തിലും തള്ളിലും തൃക്കണ്ണാപുരം വാർഡ് കൗൺസിലർ ജയലക്ഷ്മിയുടെ വിരലിന് പരിക്കേറ്റു. നേമം കൗൺസിലർ യു. ദീപികയുടെ തലക്ക് പരിക്കേറ്റു. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പി.എസ്. ദേവിമ, വി. മീന ദിനേശ്, ഗായത്രീദേവി, ഒ. രാജലക്ഷ്മി, എസ്.ആർ. ബിന്ദു എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് 20 മിനിറ്റ് വൈകിയാണ് മേയർക്ക് ഇരിപ്പിടത്തിലെത്താനായത്. വനിത പൊലീസുകാർ ഡയസിലും മറ്റുള്ളവർ കൗൺസിൽ ലോഞ്ചിന് പുറത്തുമായി മേയർക്ക് സംരക്ഷണമൊരുക്കി. മേയർ എത്തിയതോടെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രതിഷേധവും രൂക്ഷമാക്കി. വാദ്യോപകരണങ്ങളുമായാണ് യു.ഡി.എഫ് കൗൺസിലർമാർ മേയറെ നേരിട്ടത്.
ഇതിൽ ജോൺസൺ ജോസഫ്, ആക്കുളം സുരേഷ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്യണമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും മേയർ ചെവിക്കൊണ്ടില്ല. രണ്ടുമണിക്കൂറിനിടെ വിവിധ സ്ഥിരംസമിതികളുടെ അജണ്ടകൾ പാസാക്കി 4.30ഓടെ യോഗം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.