Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമ വേട്ടക്കെതി​രെ...

മാധ്യമ വേട്ടക്കെതി​രെ പ്രതിഷേധം ശക്തം

text_fields
bookmark_border
മാധ്യമ വേട്ടക്കെതി​രെ പ്രതിഷേധം ശക്തം
cancel

തിരുവനന്തപുരം: പി.എസ്.സി വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത ‘മാധ്യമം’ലേഖകൻ അനിരു അശോകനും ചീഫ് എഡിറ്റർക്കുമെതിരായ നടപടിയിൽ ശക്തമായ പ്രതിഷേധം. മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നടപടിക്കെതിരെ സമുഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ പ്രതിഷേധവും ഉത്കണ്ഠയും രേഖപ്പെടുത്തി. 65 ലക്ഷം ഉദ്യോഗാർഥികളുടെ യൂസർ ഐ.ഡിയും പാസ്‌വേഡും (ലോഗിൻ വിവരങ്ങൾ) സൈബർ ഹാക്കർമാർ സംസ്ഥാന പബ്ലിക് സർവിസ് കമീഷന്‍റെ സർവറിൽനിന്ന് ചോർത്തി ഡാർക്ക് വെബിൽ വിൽപനക്കുവെച്ച വാർത്തയുടെ ഉറവിടം ഉൾപ്പെടെ വിവരങ്ങൾ വെളിപ്പെടുത്താനാണ് കഴിഞ്ഞദിവസം ‘മാധ്യമം’ ചീഫ് എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. ശനിയാഴ്ച, രണ്ട് ദിവസത്തിനുള്ളിൽ മൊബൈൽ ഫോൺ സമർപ്പിക്കാനും അനിരു അശോകനോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ഡോ. സെബാസ്റ്റ്യൻ പോൾ

മാധ്യമപ്രവർത്തകരെ സംബന്ധിച്ച് വാർത്തയുടെ ഉറവിടം വെളിപ്പെടുത്താതിരിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്. നിയമമനുസരിച്ച് മാധ്യമപ്രവർത്തകരെ അതിന് നിർബന്ധിക്കാമെങ്കിലും ലോകത്തെവിടെയുമുള്ള മാധ്യമപ്രവർത്തകർ നിലനിർത്തിപ്പോരുന്ന അവകാശമാണ് വാർത്താ സ്രോതസ്സ് സംരക്ഷിക്കുകയെന്നത്. പ്രസിദ്ധമായ വാട്ടർഗേറ്റ് വാർത്തകളിൽപോലും ഉറവിടം റിപ്പോർട്ടർമാർക്ക് വെളിപ്പെടുത്തേണ്ടി വന്നിട്ടില്ല. ഇവിടെ പൊതുതാൽപര്യം മുൻനിർത്തി ചില വിവരങ്ങൾ വെളിപ്പെടുത്തിയ മാധ്യമപ്രവർത്തകനോട് വാർത്താ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് തെറ്റും അധാർമികവും മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഗുരുതര വിഷയവുമാണ്.

ഫോൺ പിടിച്ചെടുക്കാനുള്ള ശ്രമം ഫാഷിസം -ചെന്നിത്തല

തിരുവനന്തപുരം: പി.എസ്.സിയിലെ വ്യക്തിവിവരങ്ങൾ വിൽപനക്ക് വെച്ചത് സംബന്ധിച്ച് വാർത്ത നൽകിയ ‘മാധ്യമം’ ലേഖകന്‍റെ ഫോൺ പിടിച്ചെടുക്കുമെന്നതുൾപ്പെടെ ക്രൈംബ്രാഞ്ച് ഭീഷണി ഭരണഘടന അവകാശലംഘനമാണെന്ന് രമേശ് ചെന്നിത്തല. വാർത്തയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കുന്നതിന് പകരം റിപ്പോർട്ടർക്കും പത്രത്തിനുമെതിരെ സർക്കാർ നീങ്ങുന്നത് ഫാഷിസമാണ്. മാധ്യമങ്ങൾക്ക് മൂക്കുകയറിടാനുള്ള ഇടത് സർക്കാർ അജണ്ടയുടെ ഭാഗമായി മാത്രമേ പൊലീസ് നടപടിയെ കാണാനാകൂ. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടക്കൽ കത്തിവെക്കുന്ന ഈ നീക്കം ജനാധിപത്യമൂല്യങ്ങൾക്കെതിരാണ്. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലെന്നാണോ. ജനപക്ഷത്തുനിന്ന് വാർത്ത ചെയ്യുകയെന്നത് മാധ്യമ ധർമമാണ്. പൊലീസ് നടപടികളിലൂടെ അതിന് തടയിടാൻ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യത്തിന് എതിര് -ശ്രേയാംസ് കുമാർ

കോഴിക്കോട്: മാധ്യമ പ്രവർത്തകരോട് വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് പറയുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഐ.എൻ.എസ് പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. വാർത്ത ശേഖരിക്കലും അത് ജനങ്ങളെ അറിയിക്കലുമാണ് മാധ്യമ പ്രവർത്തകരുടെ ചുമതല. വാർത്ത എവിടെനിന്ന് കിട്ടി എന്ന് പറയേണ്ട ബാധ്യത മാധ്യമ പ്രവർത്തകർക്കില്ല. ഇത്തരം നടപടികളിൽനിന്ന് ബന്ധപ്പെട്ടവർ പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ -എൻ.കെ പ്രേമചന്ദ്രൻ

കൊല്ലം: കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിവിശേഷമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. വാർത്തയുടെ പേരിൽ പത്രലേഖകനെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും മൊബൈൽ ഫോൺ സറണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് ഫാഷിസ്റ്റ് സമീപനമാണ്. സർക്കാറിന് അലോസരമാകുന്ന കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നതും ഉറവിടം വിശദീകരിക്കാൻ നിർബന്ധിക്കുന്നതും പതിവാകുന്നു. അടുത്തകാലത്ത് കൊല്ലത്തും സമാന സമീപനമുണ്ടായി. വാർത്തകളുടെ ഉറവിടം ഏത്കാരണത്താലും വെളിപ്പെടുത്തേണ്ടതില്ലെന്നത് മാധ്യമപ്രവർത്തകർക്കുള്ള പ്രിവിലേജാണ്. അതാണ് ജനാധിപത്യത്തിന്‍റെ കാതൽ. മാധ്യമനിഷ്പക്ഷതയെക്കുറിച്ചും പൗരസ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ പറയുന്ന കേരളത്തിൽ ഇത്ര പ്രത്യക്ഷമായ മാധ്യമവിരുദ്ധത സംഭവിക്കുന്നതിനെപ്പറ്റി സി.പി.എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എം.ജി. രാധാകൃഷ്ണൻ

വാർത്തയുടെ ഉറവിടം ചോദിച്ചുകൊണ്ട് പൊലീസ്കത്ത് നൽകുന്നത് നിയമപരവും ജനാധിപത്യപരവും ധാർമികവുമായ ഗുരുതര പിശകാണ്. പൊലീസിന്‍റെ ഈ ഉത്തരവ് പ്രകാരം വിവരങ്ങൾ നൽകാൻ മാധ്യമങ്ങൾക്ക് ഒരു ബാധ്യതയുമില്ല.

പൊലീസ് നടപടി അപലപനീയം, നിയമപരമായി നേരിടും -മാധ്യമം ജേണലിസ്റ്റ്സ് യൂനിയൻ

കോഴിക്കോട്: വാർത്ത നൽകിയതിന്റെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ‘മാധ്യമം’ ജേണലിസ്റ്റ്സ് യൂനിയൻ (എം.ജെ.യു). കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷവാങ്ങി നൽകുകയും ചെയ്യേണ്ട നിയമപാലക സംവിധാനം കുറ്റങ്ങൾക്കുനേരെ വിരൽചൂണ്ടുന്നവരെ വേട്ടയാടാൻ ഇറങ്ങിപുറപ്പെടുന്നത് അംഗീകരിക്കാനാവില്ല.

എന്തായിരുന്നു ആ വാർത്ത

പി.എസ്.സിയിലെ 65 ലക്ഷം ഉദ്യോഗാർഥികളുടെ ലോഗിൻ വിവരങ്ങൾ സൈബർ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്കുവെച്ചുവെന്ന സുപ്രധാന വാർത്തയാണ് അനിരു അശോകൻ പുറംലോകത്തെത്തിച്ചത്. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ വാദിയെ പ്രതിയാക്കുന്ന നടപടിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സംഭവം വെളിച്ചത്തുകൊണ്ടുവന്ന റിപ്പോർട്ടറോട് വാർത്തയുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ മൊബൈൽ ഫോൺ ഹാജരാക്കാനും നോട്ടീസ് നൽകി. ഇത് വാർത്ത ശേഖരിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് നടപടിയാണ്.

വിഷയത്തിൽ മാധ്യമം ചീഫ് എഡിറ്റർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ പ്രാണവായുവായ മാധ്യമ സ്വതന്ത്ര്യത്തിനുനേരെ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ഈ വെല്ലുവിളിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് എം.ജെ.യു തീരുമാനമെന്ന് പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി സുൽഹവും വാർത്താകുറിപ്പിൽ അറിയിച്ചു. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെയും ഇതര മാധ്യമ സ്ഥാപനങ്ങളുടെയും പിന്തുണ അഭ്യർഥിക്കുകയാണെന്നും യൂനിയൻ ഭാരവാഹികൾ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam dailyPSC data leak
News Summary - Huge protest against media hunting
Next Story