പട്ടിക വിഭാഗങ്ങൾക്ക് ബാങ്കുകൾ നൽകുന്ന വായ്പയിൽ വൻ കുറവ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പട്ടിക വിഭാഗങ്ങൾക്ക് ബാങ്കുകൾ നൽകുന്ന വായ്പയിൽ വൻ കുറവ്. കാർഷിക വായ്പ എടുത്തവരുടെ എണ്ണത്തിലും അരലക്ഷത്തോളം പേരുടെ കുറവുണ്ട്. വായ്പ-നിക്ഷേപ അനുപാതവും കുറഞ്ഞ് നിൽക്കുകയാണ്. സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചതാണ് ഈ കണക്ക്.
പട്ടികജാതിക്കാർക്ക് 2021 മാർച്ചിലെ കണക്ക് പ്രകാരം 4503 കോടി രൂപയാണ് ആ വർഷം ബാങ്കുകൾ വായ്പ നൽകിയിരുന്നത്. 2022 മാർച്ചിൽ ഇത് 1759 കോടി രൂപയായി കുറഞ്ഞു. 2744 കോടിയുടെ കുറവാണ് (61 ശതമാനം) ഒരു വർഷം കൊണ്ടുണ്ടായത്. പട്ടിക വർഗക്കാർക്ക് കഴിഞ്ഞ വർഷം നൽകിയിരുന്ന 1144 കോടി ഇക്കൊല്ലം വെറും 351 കോടിയായി കുറഞ്ഞു. 793 കോടിയുടെ (69 ശതമാനം) കുറവ്.
ഡി.ആർ.ഐ വായ്പയിൽ നാലു ശതമാനം കുറഞ്ഞു. 2021 മാർച്ചിൽ 71,89,796 പേർക്ക് കാർഷിക വായ്പ നൽകിയിരുന്നു. കഴിഞ്ഞ മാർച്ചിലെ കണക്ക് പ്രകാരം വായ്പ ലഭിച്ച കർഷകർ 71,42,253 ആണ്. കഴിഞ്ഞ ഒരു വർഷത്തിൽ കാർഷിക വായ്പ എടുത്തവരുടെ എണ്ണത്തിൽ 47,543 പേരുടെ കുറവ് വന്നു. സംസ്ഥാനത്ത് വായ്പ നിക്ഷേപ അനുപാതം വളരെ താഴ്ന്ന് നിൽക്കുകയാണ്. കഴിഞ്ഞ മാർച്ചിലെ കണക്ക് പ്രകാരം അനുപാതം 64 മാത്രമാണ്.
സംസ്ഥാനത്തെ നിക്ഷേപങ്ങളിൽ വർധന വന്നു. കഴിഞ്ഞ മാർച്ചിലെ കണക്ക് പ്രകാരം നിക്ഷേപം 6,66,220 കോടിയായി ഉയർന്നു. പ്രവാസി നിക്ഷേപം 2,38,409 കോടിയായി. കഴിഞ്ഞ വർഷം മാർച്ചിൽ പ്രവാസി നിക്ഷേപം 2,29,636 കോടി ആയിരുന്നു. ഒരു വർഷംകൊണ്ട് വെറും 8773 കോടിയാണ് വർധന. ആഭ്യന്തര നിക്ഷേപം ആറു ശതമാനം വർധിച്ചു.
4,24,626 കോടിയാണ് വായ്പ നൽകിയത്. മുൻഗണന മേഖലകളിൽ 2,03,194 കോടി വായ്പ നൽകി. കാർഷിക മേഖലയിൽ 94,748 കോടി വായ്പ നൽകി. 59,913 കോടിയാണ് സ്വർണപ്പണയ വായ്പ. കാർഷിക വായ്പയുടെ 63 ശതമാനവും സ്വർണപ്പണയ വായ്പയാണ്. ഇതിൽ രണ്ടു ശതമാനത്തിന്‍റെ കുറവ് ഒരു വർഷംകൊണ്ടുണ്ടായി. ചെറുകിട മേഖലക്ക് 64,957 കോടിയാണ് വായ്പ നൽകിയത്.
വിദ്യാഭ്യാസ വായ്പ എടുത്തവരുടെ എണ്ണം കുറഞ്ഞു. 2,93,473 പേരാണ് 2022 മാർച്ചിൽ വായ്പക്കാരായി ഉണ്ടായിരുന്നത്. 53,266 പേരുടെ കുറവാണ് ഒരു വർഷംകൊണ്ട് (15 ശതമാനം) വന്നത്. നിലവിലെ വിദ്യാഭ്യാസ വായ്പ 11,061 കോടി രൂപയാണ്. തിരിച്ചടവില്ലാത്ത വായ്പ 1042 കോടിയിൽനിന്ന് 922 കോടിയായി താഴ്ന്നു. ഭവനവായ്പ, വ്യവസായ വായ്പ എന്നിവയെല്ലാം വർധിച്ചു. ബാങ്കുകളുടെ ആകെ തിരിച്ചടവില്ലാത്ത കടം 15,859 കോടിയിൽനിന്ന് 18,418 കോടിയായി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.