പ്രഹരമായി പ്രക്ഷോഭങ്ങൾ; സിൽവർ ലൈനിൽ കണക്കുകൂട്ടലുകൾ തെറ്റുന്നു
text_fieldsതിരുവനന്തപുരം: സിൽവർ ലൈനിൽ സർക്കാറിന്റെ കണക്കുകൂട്ടൽ തെറ്റിച്ചും 'അതിവേഗ' അവകാശവാദങ്ങളിൽ പ്രഹരമേൽപ്പിച്ചും ജനകീയ സമരങ്ങൾ. നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ ഭരണപക്ഷം പ്രകടിപ്പിച്ച ആത്മവിശ്വാസത്തിന് നേർവിപരീത കാഴ്ചകളും അനുഭവങ്ങളുമാണ് തെരുവുകളിൽ. ഡി.പി.ആറിൽ മുതൽ നിയമസഭയിൽ ചർച്ച ചെയ്യുന്നതിൽ വരെ കടുത്ത ശാഠ്യത്തിലായിരുന്ന സർക്കാർ ക്രമേണ അയയുന്നതിനിടെ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സമരങ്ങൾ കൊടുമ്പിരിക്കൊള്ളുകയാണ്.
'സിൽവർ ലൈൻ നടപ്പാക്കിയേ തീരൂ' എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിറ്റേദിവസം എം.എൽ.എമാർക്കായി നടത്തിയ വിശദീകരണ പരിപാടിയിൽ ഡി.പി.ആറിലും നിർമാണ സാമഗ്രി ലഭ്യതയിലും എംബാങ്ക്മെന്റിന്റെ ഉയരത്തിലും മുതൽ നിർമാണ കാലയളവിലും കേന്ദ്രാംഗീകാരത്തിലും വരെ ഇടത് അംഗങ്ങൾ ഉയർത്തിയത് സമരസമിതികളും പ്രതിപക്ഷവുമടക്കം സജീവമായി ഉന്നയിക്കുന്ന ചോദ്യങ്ങളായിരുന്നു. സംശയത്തിൽ നിന്ന് മാറി 'എല്ലാറ്റിനും കൃത്യത'വേണമെന്ന് മുതിർന്ന ഇടത് എം.എൽ.എമാർ നിർദേശിക്കുന്ന രീതിയിലേക്കുവരെ യോഗത്തിന്റെ സ്വഭാവം മാറി. ഇതിന് പിന്നാലെയാണ് കല്ലിടലിനെതിരായ ജനകീയ ചെറുത്തുനിൽപ്പുകൾ സർക്കാറിന്റെ കൈയിലൊതുങ്ങാത്ത പ്രക്ഷോഭങ്ങളായി പടരുന്നത്.
ഡി.പി.ആർ പുറത്തുവിടണമെന്ന് പ്രതിപക്ഷവും ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും നിഷേധസമീപനമാണ് സർക്കാർ സ്വീകരിച്ചത്. തന്ത്രപ്രധാന രഹസ്യവിവരങ്ങൾ ഡി.പി.ആർ തയാറാക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതിരോധ- വ്യോമയാന മന്ത്രാലയങ്ങൾ ഈ േഡറ്റ ആർക്കും കൈമാറരുതെന്ന് എഴുതിവാങ്ങിയിട്ടുണ്ടെന്നുമായിരുന്നു കെ-റെയിലിന്റെ വിശദീകരണം. ഡി.പി.ആറിന്റെ പകർപ്പ് നൽകാത്തതിനെതിരെ അൻവർ സാദത്ത് നിയമസഭയിൽ അവകാശലംഘന നോട്ടീസ് നൽകിയതോടെ 'തന്ത്രപ്രധാന' സമീപനം മാറ്റി രേഖകൾ പരസ്യപ്പെടുത്താൻ സർക്കാർ നിർബന്ധിതമാവുകയായിരുന്നു.
പ്രതിപക്ഷം 2021 ഒക്ടോബർ 13ന് നിയമസഭയിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയെങ്കിലും നിഷേധിച്ചു. ജില്ലകൾ തോറും പ്രമുഖരുടെ യോഗം വിളിച്ച് ചേർക്കുന്നതിലായിരുന്നു താൽപര്യം. എന്നാൽ സമ്മർദം ശക്തമായയോടെ കഴിഞ്ഞദിവസം അടിയന്തര പ്രമേയത്തിന് അനുമതി നൽകി. സമരം ശക്തമാകുന്നതോടെ സർക്കാറിന് പിന്തിരിയേണ്ടി വരുമെന്ന പ്രത്യാശയിലാണ് സമരസമിതികൾ.
ചോദിക്കാനും പറയാനും വീട്ടിൽ ആണുങ്ങളില്ലേ -ഡിവൈ.എസ്.പി
കോട്ടയം: നിനക്കൊന്നും വേറെ പണിയില്ലേ, ചോദിക്കാനും പറയാനും വീട്ടിൽ ആണുങ്ങളില്ലേ... മാടപ്പള്ളിയിൽ സിൽവർ ലൈൻ പാതക്കെതിരെ പ്രതിഷേധിച്ച വീട്ടമ്മമാരോട് ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആർ. ശ്രീകുമാറിന്റെ ചോദ്യമാണിത്. ആൺ പൊലീസുകാരെക്കൊണ്ട് സ്ത്രീകളെ കൈകാലുകളിൽ പിടിച്ച് തൂക്കിയെടുക്കാനും വീണവരെ നടുവിൽ പിടിച്ചെടുക്കാനും നിർദേശം കൊടുത്തതും ഈ ഡിവൈ.എസ്.പി തന്നെ. സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴക്കുന്നതു തടയാൻ ചെന്ന മറ്റു സ്ത്രീകളോട് ''വണ്ടിയിൽ ഇനിയും സ്ഥലമുണ്ട്. പിടിച്ചകത്തിടും. രണ്ടു ദിവസം ജയിലിൽ കിടന്നു നോക്കടീ അപ്പോഴറിയാം'' എന്നായിരുന്നു ഡിവൈ.എസ്.പിയുടെ പ്രതികരണം. സമര രംഗത്ത് ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വീടും സ്ഥലവും നഷ്ടപ്പെടുമെന്ന ആധിയിൽ പ്രതിഷേധിക്കാനെത്തിയതായിരുന്നു ആ വീട്ടമ്മമാർ. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത് സമരവീര്യം അടിച്ചൊതുക്കാനായിരുന്നു പൊലീസ് ശ്രമം.
നീചമായാണ് പൊലീസ് തങ്ങളോടു പെരുമാറിയതെന്ന് വീട്ടമ്മമാർ പറഞ്ഞു. ''ഞങ്ങളെല്ലാം പ്രായപൂർത്തിയായവരാണ്. വേറെ പണിയൊന്നുമില്ലേ എന്നു ചോദിക്കാൻ ഡിവൈ.എസ്.പി ആരാണ്. സ്വന്തം വീടും സ്ഥലവും പോകുമ്പോഴേ മറ്റുള്ളവർക്ക് മനസ്സിലാകൂ. മാടപ്പള്ളിയിലെ പെണ്ണുങ്ങളുടെ ശക്തി എന്താണെന്ന് പൊലീസ് അറിയാൻ പോകുന്നതേയുള്ളൂ. പൊലീസുകാരെ അടുത്തുപോലും കാണാത്തവരാണ് ഞങ്ങൾ. ഇപ്പോൾ മനസ്സിലായി ഇത്രയേ ഉള്ളൂ പൊലീസ് എന്ന്. ഇനി പേടിക്കില്ല. ആൺപൊലീസുകാർ കാലുകൾ രണ്ടും വലിച്ചുപിടിച്ചു. കൈകളിൽ പിടിച്ച് തൂക്കിയെടുത്തു. പ്രതിഷേധത്തിൽ പങ്കെടുക്കാത്തവരെപ്പോലും തല്ലിച്ചതച്ചു. നെയിം ബോർഡ് ഇല്ലാത്ത പൊലീസുകാരാണ് തല്ലിയത്. അവർ പൊലീസാണോ ഗുണ്ടകളാണോ എന്ന് മുഖ്യമന്ത്രി പറയണം. വീടിനകത്തിരുന്ന ഞങ്ങളെ പുറത്തിറക്കിയത് സർക്കാറാണ്. ഇനി ഞങ്ങൾ പുറത്തുണ്ടാകും. കല്ലിട്ടാൽ പിഴുതെറിയും. ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയതാണ്. പെട്ടെന്നൊരു ദിവസം അതിക്രമിച്ചുകയറി കല്ലിടുമ്പോൾ നോക്കിനിൽക്കണോ. എന്തുവിലകൊടുത്തും പദ്ധതി നടപ്പാക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഞങ്ങളുടെ ഭയം അതാണ്''- വീട്ടമ്മമാർ പറഞ്ഞു. യു.ഡി.എഫ് സംഘത്തോടും കെ.കെ. രമ എം.എൽ.എയോടും ഡിവൈ.എസ്.പിയുടെ അധിക്ഷേപത്തെക്കുറിച്ച് വീട്ടമ്മമാർ പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.