‘ആലിംഗന സീൻ 17 തവണ വരെ എടുപ്പിച്ചു, മുറികളിൽ മുട്ടൽ പതിവ്’ -ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
text_fieldsതിരുവനന്തപുരം: മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമാണ് നടക്കുന്നത്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവർക്ക് അവസരങ്ങൾ ലഭിക്കില്ല.
ചൂഷണം ചെയ്യുന്നവരിൽ പ്രമുഖ നടന്മാരുമുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുന്നു. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡുണ്ട്. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കുന്നു. പരാതി പറയുന്നവരെ പ്രശ്നക്കാരായി കാണുന്നു. ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദമുണ്ടാകുന്നു. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്ന സാഹചര്യമുണ്ടായി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തളർത്തിയതിനാൽ ഒരു ഷോട്ടെടുക്കാൻ 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. അപ്പോൾ സംവിധായകന്റെ കടുത്ത വിമർശനം നേരിടേണ്ടി വന്നുവെന്നും നടി പറയുന്നു.
സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. നിർമാതാക്കളും സംവിധായകരുമെല്ലാം അടങ്ങുന്ന 15 അംഗ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് മലയാള സിനിമ ലോകം. വിലക്ക് തീരുമാനിക്കുന്നത് ഈ സംഘമാണ്.
സിനിമ രംഗത്തുള്ളത് പുറത്തേക്കുള്ള തിളക്കം മാത്രമാണ്. സിനിമയിൽ കടുത്ത ആൺകോയ്മ നിലനിൽക്കുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. സ്ത്രീകൾ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. പലപ്പോഴും ശുചിമുറി പോലും നിഷേധിക്കുന്നു. തുണികളുടെ മറവിൽ വസ്ത്രം മാറേണ്ടിവരുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ലഭിക്കുന്നില്ല. നടിമാരുടെ മുറികളിൽ മുട്ടുന്നത് പതിവാണ്. നടിമാർ ജീവഭയം കാരണം തുറന്നുപറയാൻ മടിക്കുന്നുവെന്നും മൊഴികൾ കേട്ടത് വേദനയോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷൂട്ടിങ് സെറ്റുകളിൽ മദ്യവും മറ്റു ലഹരികളും കർശനമായി വിലക്കണം, സിനിമയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിത താമസ-യാത്രാ സൗകര്യങ്ങൾ നൽകണം, ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്, വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നൽകണം തുടങ്ങി വിവിധ നിർദേശങ്ങളാണ് കമ്മിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. നടി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സല കുമാരി എന്നിവരായിരുന്നു കമീഷൻ അംഗങ്ങൾ. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിന് കൈമാറിയത്. വിവരാവകാശ കമീഷന്റെ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പുറത്തുവിട്ടത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ കമീഷൻ നിർദേശപ്രകാരം റിപ്പോർട്ടിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 233 പേജുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.