സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല; ഇന്ധന നികുതി സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന സമരം കൂടുതൽ ശക്തമാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സമരത്തിന്‍റെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നടത്തുമെന്ന് സുധാകരൻ പറഞ്ഞു. ഇന്ധനവില വർധനവിലൂടെ 18,000 കോടി രൂപ സംസ്ഥാന സർക്കാർ തട്ടിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ധന നികുതിക്കെതിരെ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കുമെന്നും സുധാകരൻ പറഞ്ഞു. സിനിമ വ്യവസായത്തെ തടസപ്പെടുത്തുന്ന സമരങ്ങൾ പാടില്ലെന്ന് കീഴ്ഘടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇൗ നിർദേശം ലംഘിക്കുന്ന ഘടകങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇന്ധനവില വർധനവിനെതിരെയാണ് സിനിമ വ്യവസായത്തിനെതിരെയല്ല കോൺഗ്രസിന്‍റെ സമരമെന്നും സുധാകരൻ പറഞ്ഞു.
എം.ജി യൂനിവേഴ്സിറ്റി കാമ്പസിന് മുന്നിൽ സമരം നടത്തുന്ന ദലിത് ഗവേഷക വിദ്യാർഥി ദീപയുടെ സമരത്തിൽ പങ്കുവഹിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. താമസിക്കാൻ വീട് ആവശ്യപ്പെട്ടുള്ള പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിക്കാരുടെ സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. സമൂഹത്തിന്‍റെ വിവിധകോണുകളിൽ നിന്നുള്ള ജനവിഭാഗങ്ങളുടെ പിന്തുണ സമരത്തിന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.