കേരളത്തിൽ നടക്കുന്നത് മനുഷ്യവേട്ട; മുഖ്യമന്ത്രി മറുപടി പറയണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലഘുലേഖ വിതരണം ചെയ്തെന്ന കുറ്റത്തിന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്തെങ്കിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താതെ ലഘുലേഖകള്‍ വിതരണം ചെയ്തതിന് മാത്രം യു.എ.പി.എ ചുമത്തുന്നത് ശരിയല്ല. അവരൊന്നും മാവോവാദികളല്ല. അവരോട് അനുഭാവമുള്ളവരാണ്. അങ്ങനെയുള്ളവര്‍ എല്ലാ കാലത്തുമുണ്ട്.
ആശയപ്രചാരണം നടത്തുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് തെറ്റാണ്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ കൂടിയായ രണ്ട് വിദ്യാർഥികളുടെ പേരില്‍ യു.എ.പി.എ എടുത്തതിലൂടെ സര്‍ക്കാര്‍ നടത്തുന്നത് മനുഷ്യവേട്ടയാണെന്ന് തെളിഞ്ഞു. സര്‍ക്കാറിെൻറ കിരാത മുഖമാണ് ഇതില്‍നിന്ന് തെളിയുന്നത്. എല്ലാ ജനാധിപത്യ അവകാശങ്ങളെയും ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകുകയാണ്. അട്ടപ്പാടിയില്‍ നാലുപേരെ വെടിെവച്ചുകൊന്നിട്ടും മുഖ്യമന്ത്രി ഒരു ഖേദപ്രകടനംപോലും നടത്തിയില്ല. സര്‍ക്കാറിെൻറ ഈ മനുഷ്യവേട്ട അവസാനിപ്പിക്കണം.
സി.പി.ഐ ഉന്നയിക്കുന്ന കാര്യങ്ങള്‍പോലും മുഖ്യമന്ത്രിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്നറിയില്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഏഴുപേരെ വെടിെവച്ചുകൊന്ന പൊലീസ് നടപടിയെ ന്യായീകരിക്കുന്നത് എന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ സി.പി.എം അഭിപ്രായം പറയാത്തത് കള്ളക്കളിയാണ്. സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ മറുപടി കേരള സമൂഹത്തെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.