സച്ചുവിെൻറ ഹൃദയം നിലക്കില്ല; ആറുപേര്‍ക്ക് പുതുജീവൻ
text_fieldsഗാന്ധിനഗർ(കോട്ടയം): ഹൃദയമിടിപ്പിന് വിരാമമില്ല, ആറുപേരെ ജീവിതത്തോട് ചേർത്തുനിർത്തി സച്ചുവിെൻറ മടക്കം. ബൈക്കപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മസ്തിഷ്കമരണം സംഭവിച്ച കോട്ടയം ളാക്കാട്ടൂർ മുളംതുരുത്ത് എം.ആര്. സജിയുടെ മകൻ സച്ചു സജിയുടെ (22) ഹൃദയമടക്കമുള്ള അവയവങ്ങളാണ് ആറുപേർക്ക് പുതുജീവനേകുന്നത്. ലോക അവയവദാന ദിനമായ വ്യാഴാഴ്ചയായിരുന്നു സച്ചുവിെൻറ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളുടെ തീരുമാനം.
കഴിഞ്ഞ അഞ്ചിന് കോട്ടയം തിരുവഞ്ചൂരിൽ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ, വ്യാഴാഴ്ച വൈകീട്ടാണ് സച്ചുവിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോയൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന സച്ചു സജീവ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിഞ്ഞിരുന്ന പെരുമ്പാവൂർ കീഴില്ലം സിന്ധു ഭവനിൽ നന്ദകുമാറിലാണ്(25) ഹൃദയം തുന്നിച്ചേർത്തത്. വെള്ളിയാഴ്ച ഉച്ചക്ക് ആരംഭിച്ച ശസ്ത്രക്രിയക്കൊടുവിൽ അവയവങ്ങൾ വേർപ്പെടുത്തി. രാത്രി വൈകി ഹൃദയശസ്ത്രക്രിയയും പൂർത്തിയാക്കി.
രണ്ടുവൃക്കകളിൽ ഒന്ന് മെഡിക്കൽ കോളജിലെ വൃക്കരോഗ വിഭാഗത്തിൽ കഴിയുന്ന പൊൻകുന്നം രണ്ടാം മൈൽ സ്വദേശി അശ്വതിക്കാണ് (28) നൽകിയത്. രാത്രിയോടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും പൂർത്തിയാക്കി. മറ്റൊരുവൃക്ക എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് കൈമാറി. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലുള്ള രോഗിക്ക് കരളും രണ്ട് കണ്ണുകള്‍ മെഡിക്കല്‍ കോളജിലെ ഐ ബാങ്കിനുമാണ് നല്‍കിയത്. മൃതസഞ്ജീവനി പദ്ധതി വഴിയായിരുന്നു അവയവദാനം. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം ശനിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. മാതാവ്: സതി. ഭാര്യ: ശാലു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.