ക്ലാസിൽ മൂത്രമൊഴിച്ച വിദ്യാർഥിനിക്ക് മർദനം; ആയയെ പുറത്താക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകൊച്ചി: അംഗൻവാടിയിലെ ക്ലാസ് മുറിയിൽ മൂത്രമൊഴിച്ച മൂന്നുവയസ്സുകാരിയെ മർദിച്ച ആയയെ പുറത്താക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ആക്ടിങ് ചെയർമാൻ പി. മോഹനദാസിെൻറ നടപടി. മുളന്തുരുത്തി കാരക്കോട് ജി.യു.പി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന അംഗൻവാടിയിലാണ് സംഭവം.
മൂത്രമൊഴിക്കാൻ പോകാൻ കുട്ടി പലതവണ അനുവാദം ചോദിച്ചെങ്കിലും ആയ സമ്മതിച്ചില്ല. തുടർന്നാണ് ക്ലാസ് മുറിയിൽ മൂത്രം ഒഴിച്ചത്. രോഷാകുലയായ ആയ കുട്ടിയെ ക്രൂരമായി മർദിച്ച് ക്ലാസിൽനിന്ന് പുറത്താക്കി. കുട്ടിയെ മർദിക്കുന്നതിെൻറ ദൃശ്യങ്ങളും കമീഷൻ പരിശോധിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെയും ഇന്ത്യൻ ശിക്ഷ നിയമത്തിലെയും വ്യവസ്ഥകൾപ്രകാരം ആയക്കെതിരെ കേസെടുക്കാൻ കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ജില്ല കലക്ടറും സാമൂഹികനീതി ഓഫിസറും സംഭവം അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സംസ്ഥാനത്തെ അംഗൻവാടികളുടെ ഭൗതിക സാഹചര്യങ്ങൾ ജില്ല സാമൂഹികനീതി ഒാഫിസർമാരെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് സാമൂഹികനീതി ഡയറക്ടറോടും കമീഷൻ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.