ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് മരണം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsകോഴിക്കോട്: തെങ്ങു വീണ് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആൾ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനിടയിൽ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
ചുരത്തിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കാനുള്ള പ്രായോഗിക മാർഗങ്ങൾ കണ്ടെത്താൻ സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കോഴിക്കോട്, വയനാട് ജില്ല പൊലീസ് മേധാവികൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. 15 ദിവസത്തിനകം പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കണം. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും.
വീടിനു സമീപംനിന്ന തെങ്ങ് മുറിച്ചുമാറ്റുന്നതിനിടയിലാണ് എരിയപ്പള്ളി നെല്ലിമണ്ണിൽ രാജന് ഗുരുതരമായി പരിക്കേറ്റത്. മലാപ്പറമ്പ് സ്വദേശി പി.ഐ. ജോൺ സമർപ്പിച്ച പരാതിയിലാണ് നടപടി. ചുരം റോഡിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യാനുസരണം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.