കസ്റ്റഡി മരണം: സർക്കാർ നടപടികളിൽ മനുഷ്യാവകാശ കമീഷന് അതൃപ്തി
text_fieldsആലുവ: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ സംസ്ഥാന മനുഷ്യാവകാശ കമീഷന് അതൃപ്തി. ആലുവ റൂറല്‍ എസ്.പി എ.വി. ജോർജിനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയ നടപടി ശരിയായില്ലെന്ന് കമീഷന് ആക്ടിങ് ചെയര്മാന് പി. മോഹനദാസ് പറഞ്ഞു. കുറ്റാരോപിതനായ ഉദ്യോഗസ്ഥന് സേനയെ പരിശീലിപ്പിക്കുന്നത് പൊലീസുകാരെ കൂടുതല്‍ കുഴപ്പത്തിൽ കൊണ്ടെത്തിക്കും. എ.വി. ജോർജ് ആ സ്ഥാനത്തിന് യോഗ്യനല്ല. ജനങ്ങളുടെ സേവനത്തിനും സംരക്ഷണത്തിനുമാണ് പൊലീസ് സേന. അതുകൊണ്ടുതന്നെ പരിശീലനം നല്‍കുന്നവരും മികച്ചവരാകണം. പൊലീസിലെ കുറ്റവാളികൾക്കെതിരെ കർശന അച്ചടക്ക നടപടി വേണമെന്നും ചെയർമാൻ പറഞ്ഞു.
പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതില്‍ കാര്യമില്ല. കുറ്റം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേസില്‍ ആരെ പ്രതിയാക്കണമെന്ന കാര്യം പ്രതി സ്ഥാനത്തുള്ളവര്‍ തന്നെ തീരുമാനിക്കുന്ന അവസ്ഥയാണ്. ഇത്തരം സാഹചര്യത്തിൽ സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സികൾ അന്വേഷിക്കുന്നതാണ് നല്ലത്. ശ്രീജിത്തിെൻറ കുടുംബത്തിന് നഷ്ടപരിഹാരവും വിധവക്ക് ജോലിയും നല്‍കണമെന്ന് നേരേത്ത അറിയിച്ചിരുന്നതാണ്. ഇത്രയും നാളായിട്ടും സര്‍ക്കാര്‍ ഇതിന് തയാറാകാത്തത് പാപ്പരായത് കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളെ സേവിക്കാനുള്ളതാണ് സര്‍ക്കാര്‍. അതിനാൽ രാഷ്ട്രീയം നോക്കിയല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ശ്രീജിത്തിെൻറ മരണത്തില്‍ പ്രഥമദൃഷ്ട്യാ സര്‍ക്കാറിന് ഉത്തരവാദിത്തമുള്ളതിനാല്‍ നഷ്ടപരിഹാരം കൊടുത്തേ മതിയാകൂ. സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് കൂടാതെ ശ്രീജിത്തിെൻറ കുടുംബത്തിന് നിയമപരമായി നഷ്ടപരിഹാരം അവകാശപ്പെടാനും കഴിയും. വാസുദേവെൻറ വീടാക്രമിച്ച കേസില്‍ പ്രതി ചേര്‍ത്ത് റിമാന്‍ഡില്‍ കഴിഞ്ഞശേഷം പിന്നീട് പ്രതിയല്ലെന്ന് കണ്ട് വെറുതെ വിട്ടവര്‍ക്കും പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കാം.
ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ആലുവ പാലസിൽ തിങ്കളാഴ്ച നടന്ന സിറ്റിങിൽ കേസന്വേഷണം സംബന്ധിച്ച റിപ്പോർട്ട് അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് കമീഷന് സമർപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.