നീറ്റ് പരീക്ഷക്കിടെ വസ്ത്രാേക്ഷപം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsതിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ വസ്ത്രങ്ങൾ അഴിച്ച് പരിശോധിപ്പിച്ച സി.ബി.എസ്.ഇ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ദേശീയ മനുഷ്യാവകാശ കമീഷൻ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന കമീഷൻ ആക്ടിങ്അധ്യക്ഷൻ പി. മോഹനദാസ് ദേശീയ കമീഷൻ അധ്യക്ഷന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ സംസ്ഥാന കമീഷൻ കേസ് രജിസ്റ്റർ ചെയ്ത് സി.ബി.എസ്.ഇ മേഖലാ ഡയറക്ടറിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രവേശന പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ കണ്ണൂർ ജില്ല പൊലീസ് മേധാവി അന്വേഷണ റിപ്പോർട്ട് പ്രത്യേകം സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമീഷൻ നിർദേശിച്ചു. വസ്ത്രത്തിെൻറ കൈമുറിച്ചതുമായി ബന്ധപ്പെട്ട് കേരള വാഴ്സിറ്റി രജിസ്ട്രാറും വിശദീകരണം നൽകണം. മൂന്നാഴ്ചയാണ് സമയം നൽകിയിരിക്കുന്നത്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷെൻറ ഇടപെടൽ.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായി കമീഷൻ നടപടിക്രമത്തിൽ നിരീക്ഷിച്ചു. പെൺമക്കളെ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കുന്നതിന് അനുയോജ്യമായ വസ്ത്രം കണ്ടെത്താൻ രക്ഷാകർത്താക്കൾ പരിഭ്രാന്തരായി ഓടുന്ന കാഴ്ച പരീക്ഷ ഹാളിനു പുറത്ത് സാധാരണമായിരുന്നെന്ന് ആക്ടിങ് അധ്യക്ഷൻ നിരീക്ഷിച്ചു. പതിനൊന്നാം മണിക്കൂറിലാണ് സി.ബി.എസ്.ഇ പരീക്ഷ ഹാളിൽ ധരിക്കേണ്ട വസ്ത്രങ്ങൾ പരീക്ഷാർഥികളെ അറിയിച്ചതെന്നും കമീഷൻ കണ്ടെത്തി. വിഷയത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനും സി.ബി.എസ്.ഇയോട് വിശദീകരണം തേടിയിട്ടുണ്ട്. കണ്ണൂരിലെ ചില സ്കൂളുകളിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിലാണ് ബാലാവകാശ കമീഷൻ ഇടപെട്ടത്. സി.ബി.എസ്.ഇ ഡൽഹി ആസ്ഥാനവും തിരുവനന്തപുരത്തെ മേഖലാ ഓഫിസും 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
അതേ സമയം വിദ്യാർഥികളുടെ പരാതി ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് നടപടികൾ ആരംഭിച്ചിട്ടില്ല. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ഇന്നലെ കണ്ണൂർ ജില്ല പൊലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിമംഗലത്തെ പരീക്ഷ സെൻററിൽ വിദ്യാർഥിയുടെ അടിവസ്ത്രമഴിപ്പിച്ചെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും പരാതിക്കാരിയായ കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനാൽ കൂടുതൽ നടപടികളെടുക്കാനായിട്ടില്ലെന്ന് പൊലീസ് മേധാവി ജി. ശിവവിക്രം ‘മാധ്യമ’ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.