തടവുകാരെൻറ ആത്മഹത്യ: കുടുംബത്തിന് അഞ്ചുലക്ഷം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ ആത്മഹത്യചെയ്ത ജീവപര്യന്തം തടവുകാരെൻറ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. തിരുവല്ലം പൂങ്കുളം ആനക്കുഴി ചരുവിള പുത്തൻവീട്ടിൽ അശോകനെയാണ് (42) 2016 ഒക്ടോബർ 31ന് സെല്ലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അന്നുമുതലുള്ള പലിശയും കുടുംബത്തിന് നൽകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു.
അശോകൻ ആത്മഹത്യ ചെയ്തതാണെന്ന ജയിൽ സൂപ്രണ്ടിെൻറ റിപ്പോർട്ടിൽ കമീഷൻ സംശയംപ്രകടിപ്പിച്ചു. വിയ്യൂർ ജയിൽ അന്തേവാസികളുടെ പേരിൽ കമീഷന് ലഭിച്ച രണ്ടുപരാതികളിൽ അശോകെൻറ മരണം കൊലപാതകമാണെന്ന് പറയുന്നുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് കമീഷൻ സംശയം പ്രകടിപ്പിച്ചത്. ജയിലിൽ പകൽസമയത്ത് നടന്ന മരണത്തെ കുറിച്ച് കുറ്റമറ്റനിലയിൽ അന്വേഷണം നടത്താൻ സംസ്ഥാന ജയിൽ മേധാവിയെ കമീഷൻ ചുമതലപ്പെടുത്തി.
അശോകെൻറ ഇടതുചെവിയിലും കവിളിലുമായി ഉണങ്ങിയ നിലയിൽ രണ്ട് മാരകമുറിവുകൾ പോസ്റ്റ്മോർട്ടത്തിനിടെ കണ്ടെത്തിയിരുന്നു.
ജയിലിൽ കഴിയുമ്പോൾ മാരകമായി മുറിവേറ്റ അശോകനെ തൃശൂർ മെഡിക്കൽ കോളജിൽ 2016 സെപ്റ്റംബർ എട്ട് മുതൽ 19 വരെ ചികിത്സിച്ചതായും രേഖയുണ്ട്. മരണത്തിന് ഒരുമാസം മുമ്പ് ജയിലിൽ നടന്ന സംഘടനത്തിലാണ് അശോകന് മുറിവേറ്റത്. അദ്ദേഹത്തെ ആക്രമിച്ചവരുടെ ഉദ്ദേശ്യം ജയിൽ സൂപ്രണ്ട് കമീഷന് സമർപ്പിച്ച റിപ്പോർട്ടിൽ വിലയിരുത്തിയിട്ടില്ല. അശോകനെ മുറിവേൽപിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ ജയിലിനുള്ളിൽ എങ്ങനെ ലഭ്യമായെന്ന് ആന്വേഷിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. അശോകെൻറ വിധവയെയും മാതാപിതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ തിരുവനന്തപുരം ഫോർട്ട് പൊലീസ് അസിസ്റ്റൻറ് കമീഷണർ മനുഷ്യാവകാശ കമീഷനെ ഒരുമാസത്തിനകം അറിയിക്കണം. പരേതെൻറ മൃതദേഹം സംസ്കരിക്കാൻ പണമില്ലാത്തതിനാൽ എറണാകുളത്തുള്ള ഏക മകെൻറ സമ്മതത്തോടെ ജയിൽ അധികൃതരാണ് സംസ്കരിച്ചത്.
എന്നാൽ മകെൻറ വിലാസം ജയിൽ സൂപ്രണ്ട് കമീഷനെ അറിയിച്ചിട്ടില്ല. മകന് പ്രായപൂർത്തിയായില്ലെങ്കിൽ നഷ്ടപരിഹാരത്തിൽനിന്നുള്ള രണ്ട് ലക്ഷം രൂപ മകെൻറ പേരിൽ സ്ഥിരനിക്ഷേപമാക്കണമെന്നും കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.