മാവോവാദി നേതാക്കളെ ചതിച്ച് കൊന്നുവെന്ന് വാസു
text_fieldsകോഴിക്കോട്: നിലമ്പൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ റോഡിൽ പ്രതിഷേധിച്ചതിന് മനുഷ്യാവകാശ പ്രവർത്തകൻ എ. വാസുവിനെതിരായ കേസിൽ അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന നടപടി കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പൂർത്തിയായി.
മാവോവാദി നേതാക്കളായ അജിത, കുപ്പുദേവരാജൻ തുടങ്ങിയവരെ പൊലീസ് ചതിച്ച് വെടിവെച്ചു കൊന്നതാണെന്ന് ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരമുള്ള ചോദ്യം ചെയ്യലിൽ അദ്ദേഹം മജിസ്ട്രേറ്റിനോട് പറഞ്ഞു. എന്നാൽ, പ്രകടനം നടത്തി ഗതാഗതം തടസ്സപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെയെടുത്ത കേസ് സംബന്ധമായ കാര്യങ്ങളെ പറയേണ്ടതുള്ളൂവെന്ന് കോടതി അറിയിച്ചു. സാക്ഷിമൊഴിയെപ്പറ്റിയല്ല, കേസിന്റെ അവസ്ഥയെപ്പറ്റിയാണ് പറയുന്നതെന്ന് വാസുവും അറിയിച്ചു. കൂടുതൽ വാദം കേൾക്കാൻ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സാക്ഷിമൊഴികൾ ഉദ്ധരിച്ച് ചോദ്യം തുടങ്ങി അതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടോയെന്ന് ആരാഞ്ഞപ്പോൾ എല്ലാ ചോദ്യത്തിനും ഒന്നിച്ച് മറുപടി പറയാമെന്ന് വാസു പറഞ്ഞെങ്കിലും ഓരോന്നിനും പ്രത്യേകം മറുപടി പറയുന്നതാണ് രീതിയെന്ന് കോടതി അറിയിച്ചു. അഭിഭാഷകനില്ലാതെയാണ് വാസു കേസിനെ നേരിടുന്നത്. ഇരിപ്പിടത്തിൽ ഇരുന്ന് മറുപടി നൽകിയാൽ മതിയെന്ന് കോടതി പറഞ്ഞപ്പോൾ ആരുടെയും ഔദാര്യം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായവർക്ക് ഇരിപ്പിടമനുവദിക്കുന്നത് കോടതിയിലെ രീതിയാണെന്നും ഔദാര്യമല്ലെന്നും മജിസ്ട്രേറ്റും പറഞ്ഞു. തനിക്ക് ആരോഗ്യകാരണങ്ങളാൽ നിന്നുതന്നെ സംസാരിക്കണമെന്ന് വാസു അറിയിച്ചു. സാക്ഷിമൊഴികൾ വായിച്ച ശേഷം കൂടുതൽ എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചപ്പോഴാണ് പൊലീസ് മാവോവാദികളെ കൊല്ലുകയായിരുന്നുവെന്ന് വാസു പറഞ്ഞത്.
പൊലീസ് ഇക്കാര്യത്തിൽ മിടുക്കന്മാരാണെന്നും പശ്ചിമഘട്ട മേഖലയില്‍ എട്ടു മനുഷ്യരെ ഏറ്റുമുട്ടലില്‍ വകവരുത്തിയതിന് പിണറായി വിജയന് ഭരണകൂടമാണ് ഉത്തരവാദിയെന്നും വാസു ആരോപിച്ചു. കോടതിയിൽ വരുമ്പോഴും ഇറങ്ങുമ്പോഴും പശ്ചിമഘട്ട രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് കൊലയാളികളെ ശിക്ഷിക്കണമെന്ന് അദ്ദേഹം മുദ്രാവാക്യം ഉയർത്തി. വരാന്തയില്‍ മുദ്രാവാക്യം തടയാൻ കോടതി നിർദേശിച്ചത് പൊലീസ് ശ്രദ്ധയിൽപെടുത്തിക്കൊണ്ടിരുന്നു.
മൊത്തം ഏഴു സാക്ഷികളെ വിസ്തരിച്ചതിൽ ഏഴാം സാക്ഷി യു. ലാലു കൂറുമാറിയിരുന്നു. ജാമ്യമെടുക്കാൻ വിസമ്മതിച്ച വാസുവിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച വരെയാണ്. 2016 നവംബർ 26ന് നടന്ന പ്രതിഷേധത്തിനെതിരെ എടുത്ത കേസിൽ ഹാജരാവാത്തതിനാൽ വാറന്റ് പ്രകാരം ജൂലൈ 29നാണ് വാസുവിനെ അറസ്റ്റു ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.