മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കടല മുഹമ്മദ് അന്തരിച്ചു
text_fieldsകടല മുഹമ്മദ്
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകനായ കാന്തപുരം സ്വദേശി കടല മുഹമ്മദ് (79) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. വലിയങ്ങാടിയില്‍ ചുമടെടുത്തും വെള്ളയില്‍ കടപ്പുറത്ത് മീന്‍ വിറ്റും മാനാഞ്ചിറയിൽ കടല വിറ്റും ജീവിച്ച് അടിത്തട്ടില്‍നിന്നും രാഷ്ട്രീയം ഉള്‍ക്കൊണ്ട് തുച്ഛമായ വരുമാനത്തില്‍നിന്നും രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പരിപാടികളുടെ നോട്ടീസുകള്‍ ആദ്യമെത്തുന്നത് അദ്ദേഹത്തിന്റെ കൈകളിലായിരുന്നുവെന്നും ഇത്തരത്തില്‍ രാഷ്ട്രീയ പരിപാടികളും ജനങ്ങളും തമ്മിലുള്ള കണക്ടിങ് പോയിന്റായിരുന്നു അദ്ദേഹമെന്നും നാട്ടുകാര്‍ പറയുന്നു.
കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ അബ്ദുന്നാസര്‍ മഅ്ദനിയെ പ്രതി ചേര്‍ത്തതിന് ശേഷം മഅ്ദനിക്കെതിരെ മൊഴി നല്‍കാന്‍ വേണ്ടി തമിഴ്‌നാട്ടില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തുകയും മുഹമ്മദിനെ പിടിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെ എ.ആര്‍ ക്യാമ്പില്‍വെച്ച് ക്രൂരമായി മര്‍ദിക്കുകയും മഅ്ദനിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയുമുണ്ടായി.
മഅ്ദനി ചില നിരോധിത സംഘടനയിലെ ആളുകളുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് പറയണമെന്നായിരുന്നു മുഹമ്മദിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാല്‍ മുഹമ്മദ് വിസമ്മതിക്കുകയും അദ്ദേഹത്തെ പൊലീസുകാര്‍ കേരളത്തിന്റെ അതിര്‍ത്തിയില്‍ കൊണ്ടുവിടുകയുമായിരുന്നു. പിന്നീട് അദ്ദേഹം കോടതിയില്‍ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തി. മഅ്ദനിയെ ആ കേസില്‍നിന്നും കുറ്റവിമുക്തനാക്കുന്നതില്‍ കടല മുഹമ്മദിന്റെ മൊഴി നിര്‍ണായകമായി.
കോഴിക്കോട് നഗരത്തില്‍ നക്‌സല്‍ പ്രസ്ഥാനം വളര്‍ന്നുകൊണ്ടിരിക്കുന്ന കാലഘട്ടങ്ങളില്‍ അതിന്റെ കാവല്‍ക്കാരനായി ആളുകള്‍ക്ക് അഭയം ഒരുക്കി കൊടുത്ത വ്യക്തി കൂടിയാണ് മുഹമ്മദ്. പുല്‍പ്പള്ളി-തൃശ്ശിലേരി ആക്രമണത്തിന് ശേഷമുള്ള കാലത്ത് കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് നക്‌സലേറ്റ് പ്രസ്ഥാനത്തിലെ ആളുകള്‍ താമസിക്കുകയും ആക്ഷനുകള്‍ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്ന സമയത്ത് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നത് അദ്ദേഹമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.