ദേവസ്വം ബോർഡ് ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: നിലയ്ക്കൽ കെ.എസ്.ആർ.ടി.സി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാരും ഉദ്യോഗസ്ഥരും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ബസ് സ്റ്റാൻഡിൽ ജീവനക്കാർക്ക് കാൻറീനോ വസ്ത്രം മാറാൻ സൗകര്യമോ ഇല്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ ചളിയിൽ മുങ്ങണം. മഴ ചെയ്താൽ നടക്കാനാവില്ല. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറും തിരുവിതാംകൂർ ദേവസ്വം കമീഷണറും ശബരിമല എക്സിക്യൂട്ടിവ് ഓഫിസറും റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു.
പമ്പയിൽനിന്ന് നിലയ്ക്കലിലേക്ക് ബസിൽ യാത്രചെയ്യുന്നവർക്ക് നിർദേശം നൽകാൻ പമ്പയിൽ യൂനിഫോമിലുള്ള കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ നിയമിക്കണം. ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തവർ പൊലും ബുദ്ധിമുട്ടുന്നു. ദേവസ്വം ബോർഡ് ഉത്തരവാദിത്തം നിറവേറ്റിയിട്ടില്ലെന്ന് കമീഷൻ നിരീക്ഷിച്ചു.
പമ്പ മരാമത്ത് കോംപ്ലക്സിന് ചുറ്റുമുള്ള അനാരോഗ്യസാഹചര്യം അടിയന്തരമായി പരിഹരിക്കണമെന്ന് മോഹൻകുമാർ ആവശ്യപ്പെട്ടു. ജില്ല മെഡിക്കൽ ഓഫിസറും ദേവസ്വം ബോർഡ് സെക്രട്ടറിയും റിപ്പോർട്ട് നൽകണം. പമ്പാതടത്തിൽ അടിസ്ഥാനസൗകര്യങ്ങളില്ല. ഭക്തർ വർധിച്ചാൽ ശൗചാലയസൗകര്യങ്ങളില്ലെന്നും കമീഷൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.