ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർത്തില്ല; മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsതിരുവനന്തപുരം: ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് നിർദേശം നൽകിയത്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഏപ്രിൽ 17ന് പരിഗണിക്കും.
പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ. ഷീബയാണ് പരാതിക്കാരി. കൊല്ലത്തെ സ്വകാര്യാശുപത്രി, പുനലൂർ താലൂക്കാശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലാണ് ഇവർ ചികിത്സക്ക് വിധേയയായത്. 2022 ഡിസംബർ 17ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയ വയർ കീറിയാണ് നടത്തിയത്. തുടർന്ന് വയർ തുന്നിച്ചേർക്കാതെ ബസിൽ കയറ്റിവിട്ടെന്നാണ് പരാതി.
നിലവിൽ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പൊതുപ്രവർത്തകനായ ജി.എസ്. ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. വിഷയം കഴിഞ്ഞദിവസം പത്തനാപുരം എം.എൽ.എ കെ.ബി. ഗണേഷ്കുമാർ നിയമസഭയിൽ ഉന്നയിക്കുകയും ഡോക്ടർമാർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എം.എൽ.എക്കെതിരെ ഡോക്ടർമാരുടെ സംഘടനകളും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.