വിദ്യാര്‍ഥിയെ മർദിച്ച സംഭവം: ആരോപണ വിധേയനായ എസ്.ഐ മനുഷ്യാവകാശ കമീഷനു മുന്നിൽ ഹാജരായി
text_fieldsആലുവ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ അകാരണമായി മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കോഴിക്കോട് മെഡിക്കൽ കോളജ് എസ്.ഐ ഹബീബുല്ല മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ നേരിട്ട് ഹാജരായി. താന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് എസ്.ഐ പറഞ്ഞു.
വിദ്യാര്‍ഥിയുടെ പിതാവിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. ഇതിൻറെ പേരില്‍ തനിക്കെതിരെ മന:പൂര്‍വ്വം പരാതി ഉന്നയിക്കുകയായിരുന്നു. ചില രാഷ്‌ട്രീയ നേതാക്കളും തന്നോട് വിരോധമുള്ള ചില മാധ്യമ പ്രവര്‍ത്തകരും ഇതില്‍ പങ്കുചേരുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയുമായിരുന്നു. താനുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെ കാണാനാണ് ഹോസ്‌റ്റലില്‍ പോയത്. അതുമായി ബന്ധപ്പെട്ട് വളരെ മോശമായി ആരോപണങ്ങള്‍ എതിര്‍കക്ഷികള്‍ തങ്ങള്‍ക്കെതിരെ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രസ്തുത യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നതായും എസ്.ഐ വിശദീകരണം നല്‍കി. എസ്.ഐയുടെ വിശദീകരണം എതിര്‍കക്ഷികള്‍ക്ക് നല്‍കാന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹൻദാസ് തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കമീഷന്‍ പരിശോധിച്ചു. എതിര്‍കക്ഷിയുടെ മറുപടിക്കനുസരിച്ച് കൂടുതല്‍ വിസ്താരത്തിലേക്കും മറ്റും കടക്കും.
ഒക്ടോബര്‍ 26നു കോഴിക്കോട് നടക്കാവ് ക്രോസ് റോഡിലുള്ള വിദ്യാര്‍ഥിയുടെ വീടിനു സമീപമുള്ള വനിതാ ഹോസ്‌റ്റലിന് മുമ്പിലാണ് സംഭവമുണ്ടായത്. രാത്രി പത്തരയോടെ ഹോസ്‌റ്റല്‍ ഗെയിറ്റിനു മുമ്പില്‍ കണ്ട എസ്.ഐയെ വിദ്യാര്‍ഥിയുടെ പിതാവ് വീട്ടില്‍ നിന്ന് നോക്കിയപ്പോള്‍ എസ്.ഐ അസഭ്യം പറഞ്ഞെന്നും ഇത് ചോദ്യം ചെയ്ത തന്നെ എസ്.ഐ ക്രൂരമായി മർദിച്ചെന്നുമാണ് വിദ്യാര്‍ഥി പറഞ്ഞിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കമീഷന്‍ സ്വമേധയാ കെസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.