കോവിഡ് ബാധിതൻ മരിച്ചെന്ന് ബന്ധുക്കളെ തെറ്റായി അറിയിച്ച സംഭവം; മനുഷ്യാവകാശ കമീഷൻ നോട്ടീസ്
text_fieldsആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കോവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കളെ അറിയിച്ച മെഡിക്കൽ കോളജ് അധികൃതർക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസയച്ചു. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കമീഷൻ നോട്ടീസിൽ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നൽകിയ സംഭവത്തിലും വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വെള്ളിയാഴ്ച രാത്രിയാണ് ചികിത്സയിലുള്ള കോവിഡ് രോഗിയായ കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചത്. ഇതനുസരിച്ച് ആംബുലൻസുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് രമണൻ മരിച്ചിട്ടിെല്ലന്ന് ബോധ്യമായത്. രമണൻ മരിച്ചുവെന്ന് ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് വീട്ടിൽ സംസ്കാരത്തിനായി ഒരുക്കം പൂർത്തിയാക്കിയതിനൊപ്പം ആദരാജ്ഞലി പോസ്റ്ററുകളും അടിച്ചതായി ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച കായംകുളം കൃഷ്ണപുരം സ്വദേശി രമണൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മേല്‍വിലാസം തെറ്റി ചികിത്സയില്‍ കഴിയുന്ന രമണന്റെ ബന്ധുക്കളെ അറിയച്ചതാണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രോഗിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ആളുമാറിയ വിവരം ജീവനക്കാര്‍ മനസിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.