തീർഥയാത്ര നടന്നില്ല, പണം തിരിച്ചു കൊടുത്തില്ല; ഇടപെട്ട് മനുഷ്യാവകാശ കമീഷൻ
text_fieldsതൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ കാരണം റദ്ദാക്കപ്പെട്ട തീർഥയാത്രക്കായി മുൻകൂർ കൈപ്പറ്റിയ പണം തിരിച്ച് നൽകാത്തതിനെതിരെ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെടൽ. തൃശൂർ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. നടപടിയെടുത്ത് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആലപ്പുഴ പുറക്കാട് സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് നടപടി. 1,30,000 രൂപയാണ് തൃശൂർ സ്വദേശി ശശിധരൻ അണക്കരയുടെ ഉടമസ്ഥതതയിലുള്ള സ്ഥാപനത്തിന് പരാതിക്കാരി നൽകിയത്. ഏപ്രിലിൽ തീർഥയാത്ര നടത്താനായിരുന്നു പദ്ധതി. പണം തിരിച്ച് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല.
കോവിഡ് സാഹചര്യത്തിൽ മുതിർന്ന പൗരനായ തനിക്ക് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് സ്ഥാപന ഉടമ പണം നൽകിയവരെ അറിയിച്ചത്. തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പണം നൽകിയവരിൽ ഏറെ പേരും മുതിർന്ന പൗരൻമാരാണെന്നും അവർ നിസഹായരാണെന്നും പരാതിയിൽ പറയുന്നു.
പണമിടപാട് സംബന്ധിച്ച പരാതിയാണെങ്കിലും വിശ്വാസ വഞ്ചന നടന്ന പശ്ചാത്തലത്തിൽ നിയമ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. ഒരാൾ പൊലീസിൽ പരാതി നൽകിയാൽ നടപടി സ്വീകരിക്കണമെന്നും ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.