അപകടം ഒഴിവാക്കുന്നതിനായി നൽകുന്ന കത്തുകളിൽ യഥാസമയം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: അപകടാവസ്ഥ ഒഴിവാക്കുന്നതിനായി നൽകുന്ന കത്തുകളിൽ യഥാസമയം തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. അപകട സാധ്യത തടയുന്നതിനുള്ള സത്വരവും ഊർജിതവുമായ ശ്രമങ്ങളാണ് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടതെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
അപകടാവസ്ഥയിലുള്ള മരം മുറിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്റ്ററി വിഭാഗത്തിന് നൽകിയ കത്തുകൾക്ക് മറുപടി നൽകാത്ത സാഹചര്യത്തിലാണ് വിമർശനം. പേട്ട പൊലീസ് സ്റ്റേഷന് സമീപം ബസ് സ്റ്റോപ്പിനോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്റ്ററിക്ക് അയച്ച കത്തുകൾക്ക് എത്രയും വേഗം മറുപടി നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ അസിസ്റ്റൻ്റ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് കമീഷൻ നിർദ്ദേശം നൽകിയത്. തീരുമാനം ലഭിച്ചാലുടൻ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കണമെന്ന് കമീഷൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി.
അപകടാവസ്ഥയിൽ നിൽക്കുന്ന മരത്തിൻ്റെ ശിഖരങ്ങൾ മുറിക്കാൻ കമീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആൻറണി ഡൊമിനിക് 2020 ജനുവരി 20 ന് നിർദ്ദേശം നൽകിയിരുന്നു.എന്നാൽ മരം മുറിക്കുന്നതിനായി നിരവധി കത്തുകൾ സോഷ്യൽ ഫോറസ്റ്ററി വകുപ്പിന് നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്ന് പൊതുമരാമത്ത് വകുപ്പ് കമീഷനെ അറിയിച്ചു.
2023 ജനുവരി 25 നും കത്തയച്ചിരുന്നു. മറുപടി കിട്ടാത്തതാണ് പ്രശ്ന പരിഹാരത്തിന് കാലതാമസം ഉണ്ടാക്കുന്നതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.മരം അപകടാവസ്ഥയിലാണെന്ന് കലക്ടറും അറിയിച്ചിരുന്നു. മെഡിക്കൽ കോളജ് ആസ്റ്റർ സ്ക്വയറിൽ മണിമേഖല സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.