പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് സംയമനത്തോടെ പെരുമാറാൻ പരിശീലനം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ഉദ്യോഗസ്ഥർ സംയമനത്തോടെ പെരുമാറുന്നതിനും പൊതുജനത്തിന്റെ പെരുമാറ്റത്തിൽ പ്രകോപിതരാകാതിരിക്കാനും ആവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും നൽകണമെന്ന് ജല അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നൽകി.
പതിവിന് വിപരീതമായി കൂടുതലായി വന്ന തുകയെ കുറിച്ച് അന്വേഷിക്കാൻ 2023 ജൂലൈ 15ന് ജല അതോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയയാളെ ഉദ്യോഗസ്ഥർ തെറി വിളിക്കുകയും അശ്ലീല പരിഹാസം നടത്തുകയും ചെയ്തെന്ന പരാതിയിലാണ് ഉത്തരവ്. ഓഫീസ് സമയത്തിന് മുമ്പാണ് സംഭവം നടന്നതെന്നും ഉപഭോക്താവിനോട് ഉദ്യോഗസ്ഥർ സൗഹാർദത്തോടെയാണ് പെരുമാറിയതെന്നും ജല അതോറിറ്റി പോങ്ങുംമൂട് അസിസ്റ്റന്റ് എഞ്ചിനീയർ കമീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പരാതിക്കാരനായ ചെറുവയ്ക്കൽ സ്വദേശി എൻ. ഷാജു ആരോപണം ആവർത്തിച്ചതോടെ കമീഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി. എന്നാൽ രാവിലെ 09.30 ന് നടന്ന സംഭവമായതിനാൽ തെളിവുകൾ കണ്ടെത്താനായില്ല. ഉദ്യോഗസ്ഥർ പരാതികൾക്ക് ഇടവരുത്താതെ പെരുമാറണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം.
ആവശ്യമെങ്കിൽ പരാതി എഴുതി വാങ്ങി പരാതിക്ക് സത്വരപരിഹാരം കാണാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശം നൽകണമെന്നും അവ ഉദ്യോഗസ്ഥർ പാലിക്കുന്നുണ്ടെന്ന് ജല അതോറിറ്റി എം.ഡി. ഉറപ്പാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.